പ്രേം നസീര്‍ അന്തരിച്ച സമയത്ത്, താരത്തെ അവസാനമായി കാണാന്‍ താന്‍ എത്താതിരുന്നതിനെ കുറിച്ച് പറഞ്ഞ് നടി ഷീല. തനിക്ക് വരാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ താന്‍ നാട്ടിലേക്ക് വരണ്ട എന്ന് കരുതിയതാണ് എന്നാണ് ഷീല പറയുന്നത്. മരിച്ചു കിടക്കുന്ന സാറിന്റെ മുഖം കാണാന്‍ വയ്യായിരുന്നു, അതുകൊണ്ടാണ് വരാതിരുന്നത് എന്നാണ് ഷീല പറയുന്നത്. ചിറയിന്‍കീഴ് പൗരാവലി സംഘടിപ്പിച്ച പ്രേം നസീര്‍ സ്മൃതി സായാഹ്നത്തില്‍ പ്രേംനസീര്‍ പുരസ്‌കാരം മന്ത്രി കെഎന്‍ ബാലഗോപാലില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഷീല.
'മരിച്ചു കിടക്കുന്ന നസീര്‍ സാറിന്റെ മുഖം കാണാന്‍ എനിക്ക് വയ്യ. എന്തിന് കാണണം? അതിനാല്‍ ഞാന്‍ വന്നില്ല. അന്ന് സ്വീഡനില്‍ സഹോദരിക്കൊപ്പമായിരുന്നു ഞാന്‍. സാറിന്റെ മരണവിവരം അറിഞ്ഞിരുന്നു. പരിശ്രമിച്ചെങ്കില്‍ വരാമായിരുന്നു. പക്ഷേ, എന്തിന്? ഞാന്‍ തീരുമാനിച്ചു, ജീവനോടെ കണ്ട നസീര്‍ സാറിന്റെ മുഖം മനസ്സില്‍ ഉണ്ട്. അതു മതി. ചിറയിന്‍കീഴിലെ ജനത നസീര്‍ സാറിന്റെ പേരില്‍ നല്‍കിയ ഈ പുരസ്‌കാരം ഇപ്പോള്‍ എല്ലാത്തിനും മുകളിലാണ്', ഷീല പറഞ്ഞു.
അതേസമയം, ഒരു കാലത്ത് വെള്ളിത്തിരയിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു നസീറും ഷീലയും. നിരവധി സിനിമകളില്‍ പ്രണയ ജോഡികളായി നസീറും ഷീലയും വേഷമിട്ടിട്ടുണ്ട്.