മരണക്കളിക്ക് ഇവിടെ അവസാനം; ‘സ്ക്വിഡ് ഗെയിം’ സീസൺ 3 ടീസർ പുറത്ത്
സ്ക്വിഡ് ഗെയിം മൂന്നാം സീസൺ ജൂൺ 27 മുതൽ സ്ട്രീം ചെയ്തു തുടങ്ങും.
നെറ്റ്ഫ്ലിക്സിലെ ജനപ്രിയ കൊറിയൻ സീരിസ് ആയ സ്ക്വിഡ് ഗെയിം സീസൺ 3 ടീസർ എത്തി. സ്ക്വിഡ് ഗെയിം സീരിസിലെ അവസാന സീസൺ കൂടിയാണിത്. ആദ്യാവസാനം പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്ന സീരിസിന്റെ രണ്ടാം സീസൺ എത്തിയത് കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു. സ്ക്വിഡ് ഗെയിം മൂന്നാം സീസൺ ജൂൺ 27 മുതൽ സ്ട്രീം ചെയ്തു തുടങ്ങും.
ഒട്ടേറെ ട്വിസ്റ്റുകൾ നിറഞ്ഞതാകും അവസാന സീസൺ എന്ന് ടീസറിലൂടെ വ്യക്തം. ഒൻപത് എപ്പിസോഡുകൾ അടങ്ങിയ സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ എത്തിയത് 2021 സെപ്റ്റംബറിലായിരുന്നു. കൊറിയൻ വെബ് സീരിസുകളിൽ ജനപ്രിയ പരമ്പരയായി മാറിയ സ്ക്വിഡ് ഗെയിമിന് മലയാളി പ്രേക്ഷകരുടെ ഇടയിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആഗോള തലത്തിൽ പ്രേക്ഷകരെ അമ്പരപ്പിക്കുകയും മുൾമുനയിൽ നിർത്തുകയും ചെയ്ത സ്‌ക്വിഡ് ഗെയിം അതിന്റെ അവസാന സീസണോട് അടുക്കുമ്പോൾ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ദരിദ്രരും സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്നവരെ വൻതുക പാരിതോഷികം വാഗ്ദാനം ചെയ്ത് കൊല്ലാക്കൊല ചെയ്ത ഇങ്ങെയൊരു മരണക്കളി ലോകത്തെവിടെയെങ്കിലും യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ?. ഇല്ലെന്നാണ് വസ്തുത. യഥാർഥ ജീവിതത്തിൽ നിന്നുള്ള ചില കാര്യങ്ങൾ ഈ ജനപ്രിയ വെബ്‌സീരീസിന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും പ്രചോദനമായിട്ടുണ്ടെന്നാണ് സ്‌ക്വിഡ് ഗെയിമിന്റെ ക്രിയേറ്ററായ വാങ് ഡോങ് യുക്ക് പറയുന്നത്.