ആകെ തകര്‍ന്ന് സൂര്യ, ‘കാപ്പാന്‍’ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ല; മോഹന്‍ലാല്‍ വന്നോട്ടെ, താനില്ലെന്ന് താരം - അമ്പരന്ന് തമിഴ് സിനിമാലോകം!

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:47 IST)
നടന്‍ സൂര്യ ആകെ ആശയക്കുഴപ്പത്തിലാണ്. താന്‍ അഭിനയിക്കുന്ന സിനിമകളൊന്നും ക്ലിക്കാകാതെ പോകുന്നതിന്‍റെ നിരാശയ്ക്ക് മേല്‍ മറ്റൊരു പ്രശ്നം കൂടി സൂര്യയെ അലട്ടുന്നു. താന്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്താല്‍ അത് തന്‍റെ സിനിമയ്ക്ക് ദോഷമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ സൂര്യ. അതിനാല്‍ തന്നെ ബിഗ്ബജറ്റ് ചിത്രമായ ‘കാപ്പാന്‍’ റിലീസിനൊരുങ്ങിനില്‍ക്കുമ്പോള്‍ നായകന്‍ സൂര്യ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
 
സൂര്യ നായകനായ ഒരുപിടി ചിത്രങ്ങള്‍ ബോക്സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതെ പോയത് സൂര്യയുടെ താരമൂല്യത്തിന് തന്നെ ഇളക്കം സൃഷ്ടിച്ചിരുന്നു. ഏറ്റവും ഒടുവില്‍ താനാ സേര്‍ന്ത കൂട്ടം, എന്‍‌ജി‌കെ തുടങ്ങിയ സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായി സൂര്യ പങ്കെടുത്തിരുന്നു.
 
മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചുവരെ ഈ സിനിമകള്‍ക്കായി സൂര്യ പ്രചരണം നല്‍കി. എന്നാല്‍ അത്തരം പ്രചരണരീതികള്‍ സൃഷ്ടിച്ച അമിത പ്രതീക്ഷ ആ സിനിമകള്‍ക്ക് വിനയായതായാണ് ഇപ്പോള്‍ സൂര്യ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ, അമിതപ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് നല്‍കാതിരിക്കാന്‍ സൂര്യ പ്രചരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
 
മാത്രമല്ല, ‘കാപ്പാന്‍’ ട്രെയിലറില്‍ സൂര്യയുടെ ആരാധകര്‍ തൃപ്തരല്ല. പരസ്പരബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ച്, എന്താണ് നടക്കുന്നതെന്നുപോലും മനസിലാകാത്ത രീതിയിലാണ് ട്രെയിലര്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. അതിന്‍റെ ഉത്തരവാദി താനാണെന്ന് സംവിധായകന്‍ കെ വി ആനന്ദ് അറിയിച്ചിട്ടുണ്ട്. ചിത്രത്തേപ്പറ്റി അമിത പ്രതീക്ഷകള്‍ നല്‍കാതിരിക്കുകയാണ് ഒരു ലക്‍ഷ്യം. പിന്നെ, കഥാഗതി മനസിലാകുന്ന രീതിയില്‍ ട്രെയിലര്‍ അവതരിപ്പിച്ചാല്‍ ‘കഥ മോഷ്ടിച്ചു’ എന്ന ആരോപണവുമായി പലരും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം ട്രെയിലര്‍ ഇത്തരത്തില്‍ അവതരിപ്പിച്ചെന്നാണ് ആനന്ദ് നല്‍കുന്ന വിശദീകരണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഓണാശംസ നേർന്ന് സൂപ്പർതാരങ്ങൾ; ബിഗ്‌ബ്രദറുമായി മോഹൻലാൽ, കൂളിംഗ് ഗ്ലാസ് വെച്ച് കുതിരപ്പുറത്ത് മമ്മൂട്ടി !