ഭാവിയിൽ യുട്യൂബ് ചാനൽ തുടങ്ങുമോ എന്ന ചോദ്യത്തിന് നടൻ ദിലീപ് നൽകിയ മറുപടി വൈറലാകുന്നു. താൻ യൂട്യൂബ് ചാനൽ ഒരിക്കലും തുടങ്ങില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ദിലീപ് തന്നെ വച്ച് ലക്ഷങ്ങൾ വാങ്ങുന്ന യൂട്യൂബർമാർ ഉണ്ടെന്നും അഭിപ്രായപ്പെട്ടു. സീ കേരളം ചാനലിലെ സൂപ്പർ ഷോയിൽ പങ്കെടുക്കാനെത്തിയ ദിലീപിനോട് അവതാരകയായ ലക്ഷ്‌മി നക്ഷത്രയാണ് യുട്യൂബ് ചാനൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചത്.
'ഞാന്‍ കാരണം ഒരുപാട് പേർ യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നുണ്ട്. ഞാന്‍ വെറുതേ ഇരുന്ന് കൊടുത്താല്‍ മതി. നല്ല ലക്ഷങ്ങളുണ്ടാക്കുന്ന ആളുകളുണ്ട്. അതിൽ നിന്നുള്ള ഒരു വിഹിതം എനിക്ക് തന്നാല്‍ മതിയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പറയുന്നത് പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെ അംബാസിഡറാണ് ഞാന്‍. എന്ന് കരുതി ഞാനൊരിക്കലും യൂട്യൂബ് ചാനല്‍ തുടങ്ങില്ല എന്നൊന്നും പറയാൻ കഴിയില്ല' ദിലീപ് കൂട്ടിച്ചേർത്തു.
അതേസമയം, ഏറെ കൗതുകവും, ഒപ്പം ദുരൂഹതകളുമായി എത്തുന്ന ഭഭബ (ഭയം, ഭക്തി, ബഹുമാനം) ആണ് ദിലീപിന്റേതായി ഇനി റിലീസ് ആകാനുള്ള സിനിമ. ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂർത്തിയാകും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്.