മോഹൻലാൽ നായകനായ പുലിമുരുകൻ മലയാളം കണ്ട ആദ്യ 100 കോടി വിജയമായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വഴിത്തിരിവായിരുന്നു. ഇതിനു ശേഷമാണ് കോടിക്കണക്കിന്റെ തള്ളലുകളും വാദപ്രദിവാദങ്ങളും മലയാള സിനിമയിൽ സജീവമായത്. യഥാർത്ഥ കളക്ഷനും പബ്ലിസിറ്റിയ്ക്കായി കളക്ഷൻ കൂട്ടിപ്പറയുന്നതുമൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.
ഇതിനിടെ ഇപ്പോഴിതാ മലയാളത്തിലെ ആദ്യ 100 കോടി സിനിമയായ പുലിമുരുകന്റെ സംവിധായകൻ ടോമിച്ചൻ മുളകുപാടത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം പുലിമുരുകന് വേണ്ടി ടോമിച്ചൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോൺ എടുത്തത് ഇതുവരെ തിരിച്ചടച്ചില്ലെന്ന് ടോമിൻ തച്ചിങ്കിരി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ടോമിച്ചൻ മുളകുപാടം. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
പുലിമുരുകന്റെ മൊത്തം ബിസിനസ് ആണ് 100 കോടി. മൂന്ന് കോടിയ്ക്ക് മുകളിൽ നികുതിയായി അടച്ചിട്ടുണ്ടെന്നുമാണ് ടോമിച്ചൻ പറയുന്നത്. അന്ന് ഒടിടിയും ഗ്ലോബൽ കളക്ഷനുമില്ലെന്നും ഓവർസീസ് ഇല്ലാതെ പതിനെട്ടാം ദിവസം 100 കോടിയിലെത്തിയ സിനിമയാണ് പുലിമുരുകനെന്നുമാണ് ടോമിച്ചൻ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നേടിയതാണ് 100 കോടി. അതിൽ നിന്നും ടാക്‌സും തീയേറ്ററുകളുടെ ഷെയറും കഴിഞ്ഞുള്ളതാണ് നിർമ്മാതാവിന് കിട്ടുകയെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം പുലിമുരുകന്റെ ചിത്രീകരണം പറഞ്ഞ ബജറ്റിൽ തീർന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രീകരണം ആരംഭിക്കുമ്പോൾ 20 കോടിയ്ക്ക് താഴെയായിരുന്നു ബജറ്റ്. എന്നാൽ ചിത്രീകരണം തീർന്നപ്പോഴേക്കും അതിന്റെ ഇരട്ടി ചെലവായെന്നാണ് അദ്ദേഹം പറയുന്നത്. 100 ദിവസം പ്ലാൻ ചെയത സിനിമ തീരാൻ വേണ്ടി വന്നത് 210 ദിവസമാണ്. പിന്നീട് പോസ്റ്റ് പ്രൊഡക്ഷന് ഒരു വർഷം വേണ്ടി വന്നുവെന്നും അതാണ് ബജറ്റ് കൂടാൻ കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്.