ഫോറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ, അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി. മികച്ച പ്രതികരണം നേടിയ സിനിമ ആഗോള ബോക്സ് ഓഫിസിൽ നിന്ന് 40 കോടിയോളമാണ് നേടിയത്. കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും ഗംഭീര റെസ്പോൺസാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ജനുവരി 31 ന് സീ 5 വിലൂടെ ഐഡന്റിറ്റി സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ടൊവിനോ ചിത്രങ്ങളെല്ലാം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന പതിവ് രീതിയിൽ നിന്നു മാറിയാണ് ഐഡന്റിറ്റി സീ 5 വിൽ പ്രദർശനത്തിനെത്തുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ എന്ന ലേബലോടെ എത്തിയ 'ഐഡന്റിറ്റി'യുടെ കഥ സഞ്ചരിക്കുന്നത് ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ്.
സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.