സകലകാലാവല്ലഭിയാണ് നടി ഉർവശി. ഉർവശിക്ക് ചെയ്തുഫലിപ്പിക്കാൻ കഴിയാത്തതായ വേഷങ്ങൾ ഒന്നുമില്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയ ഉർവ്വശിയെ സ്നേഹപൂർവ്വം വിളിക്കുന്നത് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ എന്നാണ്. എന്നാൽ, അത്തരം പദവികളോടുള്ള തന്റെ താത്പര്യകുറവും, അതിനുള്ള കാരണവും വെളിപ്പെടിയിരിക്കുകയാണ് പ്രശസ്ത നടി ഇപ്പോൾ. ജിൻജർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവ്വശി ലേഡി സൂപ്പർസ്റ്റാർ പദവിക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ മനോഹരമായ പ്രകടനത്തിലൂടെ വീണ്ടും കൈയടികൾ നേടിയ താരത്തിന് അറിയപ്പെടാൻ ഇഷ്ടം 'നല്ല നടി' എന്ന പേരിൽ മാത്രമാണ്. ലേഡി സൂപ്പർസ്റ്റാർ പട്ടത്തിനോടുള്ള തൻ്റെ വിയോജിപ്പ് നടി തുറന്ന് പറയുമ്പോൾ, ആ നിലപാടിനെ പിന്താങ്ങുകയാണ് സോഷ്യൽ മീഡിയയും സിനിമ പ്രേമികളും.
'ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നമ്മൾ ഇടുമ്പോൾ, തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വേറെ ഒരാൾ വരുന്നു, ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന പേരിൽ വേറെയൊരാൾ വരുന്നു. എന്തെല്ലാം പറഞ്ഞാലും സിനിമകൾ ഓടുക, പെർഫോമൻസുകൾ നിലനിർത്തുക, ഇതിൽ അല്ലെ ഉള്ളു കാര്യം? അത്രയേ ഉള്ളു. ഇതും കടന്നു പോവും. നല്ലൊരു നടി ആയിരുന്നു എന്ന പേരു മാത്രമേ നിലനിൽക്കുകയുള്ളൂ.
;എൻ്റെ കരിയർ തുടങ്ങിയതിൽ പിന്നെ എത്ര സ്റ്റാർസിനെ ഞാൻ കണ്ടു. അതിൽ എത്ര പേർ ഇന്നും ഉണ്ട്? മറ്റ് ഭാഷകൾ നോക്കിയാലും... 'എനിക്ക് ടൈറ്റിൽ ഇങ്ങനെ ഒന്ന് ഇടൂ, ഞാൻ കടന്ന് വരുമ്പോൾ ഇങ്ങനെ പറയൂ - ഇങ്ങനെയൊക്ക പറഞ്ഞു ഉണ്ടാക്കിയെടുക്കുന്ന പേരുകളിൽ ഒന്നും അർത്ഥമില്ല. അങ്ങനെ പലരും പല പേരുകൾ ഉണ്ടാക്കുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്', ഉർവ്വശി വെളിപ്പെടുത്തി.