നിവിൻ പോളിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരിൽ നടനും സുഹൃത്തുമായ അജു വർഗീസുമുണ്ട്. നിവിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ മികച്ച രീതിയില്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് അജു പറയുന്നു. ഒരു നിവിന്‍ പോളി ഷോയ്ക്ക് വേണ്ടി താനും കാത്തിരിക്കുകയാണ് എന്ന് അജു വ്യക്തമാക്കി. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു നടൻ.
'മലയാളി പ്രേക്ഷകര്‍ മാത്രമല്ല, തെന്നിന്ത്യയിലെ ഒരുപാട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നടനാണ് നിവിന്‍. അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ മികച്ച രീതിയില്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ തട്ടകത്തിലുള്ളൊരു സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്. ഞങ്ങളുടെ കോമ്പോ അടുത്തുണ്ടാകുമോ എന്നറിയില്ല. പക്ഷെ എല്ലാവരേയും പോലെ ഒരു നിവിന്‍ പോളി ഷോയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണ്', അജു പറയുന്നു.
അതേസമയം, ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'.
മലയാളത്തിൽ അബ്രിഡ് ഷൈൻ ചിത്രം ' ആക്ഷൻ ഹീറോ ബിജു 2' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'ശേഖരവർമ രാജാവ്' എന്ന സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.