മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ധീരം പൂജയും സ്വിച്ച് ഓൺ കർമ്മവും കോഴിക്കോട് വെച്ച് നടന്നു. ജനുവരി 15 മുതൽ കോഴിക്കോട്, കുറ്റിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക.
നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്., മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന രീതിയിൽ മുൻപ് ഇറക്കിയ ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ ഏറെ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിലെ പ്രീ ഷൂട്ട് ചെയ്ത രംഗങ്ങൾ കൊണ്ട് ഒരു ടീസർ ആയിട്ട് ടൈറ്റിൽ അനൗൺസ് ചെയ്യുന്നത്.
ഒരേ മുഖം, പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.