And The Oskar Goes To: റിയൽ ഇൻസ്പിരേഷൻ മൂവി, കണ്ണും മനസും നിറച്ച് സലിം അഹമ്മദ് !

സിനിമയെ ജീവനോളം സ്നേഹിക്കുന്നവർക്കായി, കണ്ണും മനസും നിറച്ച് സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് ടു!

അപർണ ഷാ
വെള്ളി, 21 ജൂണ്‍ 2019 (15:00 IST)
സിനിമ സ്വപ്നം കാണുന്നവന്റെ മാത്രം കലയാണ്. ആ സ്വപ്നത്തിനു പിന്നാലെ പായുമ്പോൾ കഷ്ടതകളും വീഴ്ചയും ഉയർത്തെഴുന്നേൽപ്പും ഉണ്ടാകാം. ഇതെല്ലാം കോർത്തിണക്കി സലിം അഹമ്മദ് ഒരുക്കിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങൾക്ക് ശേഷം സലിം അഹമ്മദിന്റെ കൈയ്യൊപ്പ് പതിഞ്ഞ സിനിമ കൂടിയാണിത്. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. 
 
ഇസഹാക് ഇബ്രാഹേം എന്ന യുവ സിനിമാമോഹിയുടെ സിനിമാപ്രാന്തും വളരെ കഷ്ടപ്പെട്ട് അദ്ദേഹം ചെയ്യുന്ന സിനിമയുടെയും കഥയാണ് ചിത്രം പറയുന്നത്. കഷ്ടപ്പെട്ട് ചെയ്യുന്ന പടം വിജയിക്കുകയും ഓസ്‌കാർ എൻട്രി ലഭിക്കുന്നതും സിനിമ അവിടെ വരെ എത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളുമാണ് ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’ പറയുന്നത്. 
 
സ്വന്തമായി ഒരു സിനിമ എടുക്കുക എന്ന ലക്ഷ്യവുമായിട്ടെത്തുന്ന ഇസഹാക്കിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ഇസഹാക്കിനു മുന്നിലുള്ള പ്രതിസന്ധികളുമാണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. നിർമാതാവിനായുള്ള അലച്ചിലിനൊടുവിൽ ഇസഹാക്ക് തന്നെ തീരുമാനിക്കുകയാണ് സ്വന്തം സിനിമ നിർമിക്കാൻ. സംവിധായകന്റെ കുപ്പായത്തോടൊപ്പം നിർമാതാവിന്റെ കുപ്പായം കൂടി ഇസഹാക്ക് അണിയുന്നു. സിനിമക്ക് ഒരുപാട് അവാർഡുകൾ കിട്ടുകയും ചിത്രം മികച്ച വിദേശ ചലച്ചിത്രത്തിന് ഓസ്‌കാറിന്‌ ഇന്ത്യയിൽ നിന്നുള്ള സിനിമയായി തിരഞ്ഞെടുക്കുന്നതും ആദ്യ പകുതിയിൽ പറഞ്ഞു പോകുന്നു.
 
തനിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെല്ലാം അതിജീവിച്ച് കഷ്ടതകളെയെല്ലാം തരണം ചെയ്ത് തന്റെ സിനിമ പൂർത്തിയാക്കി ഓസ്‌കാറിന്റെ അവസാന നോമിനേഷൻ പട്ടികയിൽ ഇടം നേടാൻ സിനിമയെ മാർക്കറ്റ് ചെയ്യാനായി ലോസ് ആഞ്ചൽ‌സിലേക്ക് പോകേണ്ടി വരുന്ന ഇസഹാകിന് അവിടെ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് രണ്ടാം പകുതിയിൽ പറയുന്നത്. രണ്ടാം പകുതി കുറച്ച് നാടകീയമാകുന്നുണ്ട്. ചില രംഗങ്ങളെല്ലാം ക്ലീഷേ ആകുന്നുണ്ടെങ്കിലും മുഷിപ്പിക്കുന്ന രീതിയിൽ അതിനെ സലിം അഹമ്മദ് എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 
 
ഇസഹാക്ക് എന്ന കഥാപാത്രം ടൊവിനോയുടെ കൈയ്യിൽ ഭദ്രമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം കാണുമ്പോൾ ആ ആഗ്രഹം നടന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് നാമോരുത്തരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിരിക്കും. വൈകാരികമായ രംഗങ്ങൾ കൊണ്ട് സലിം കുമാർ എന്ന നടൻ നിങ്ങളെ വീണ്ടും അതിശയിപ്പിക്കും. തന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായൊരു റോളിൽ അനു സിതാരയും തിളങ്ങി.  
 
സിനിമയെന്ന സ്വപ്നത്തിനു പിന്നാലെയുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും കാലിടറിയെങ്കിലും ഇസഹാക്കിനെ പിന്തുണച്ചിരുന്നത് അവന്റെ കുടുംബം ആണ്. എന്നാൽ, റിയൽ ലൈഫിലേക്ക് വരുമ്പോൾ ഈ ആഗ്രഹത്തിനു പിന്നാലെ പോകുന്ന പല യുവാക്കൾക്കും കിട്ടാതെ വരുന്നതും ഇതു തന്നെ. 
 
റിയൽലൈഫ് ക്യാരക്ടറുമായി ഒരുപാട് സാമ്യതയുള്ള കഥാസന്ദർഭങ്ങളും അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. സിദ്ദിഖ്, സറീന വഹാബ്, ശ്രീനിവാസൻ എന്നിവരെല്ലാം തങ്ങളുടെ റോളുകൾ ഭംഗിയാക്കി. 
 
ബിജിബാലിന്റെ സംഗീതം മികച്ച് നിന്നു. ഓരോ ഫ്രയിമിലും വശ്യത തുളുമ്പുന്ന, റിയൽ ലൈഫിനോട് ഇണങ്ങി നിൽക്കുന്ന മധു അമ്പാട്ടിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ഭംഗി കൂട്ടി. റസൂൽ പൂക്കിയും അണിയറയിലുണ്ട്. 
 
നടി മാല പാർവതിയുടെ വാക്കുകൾ കടമെടുത്ത് പറയുകയാണെങ്കിൽ സിനിമ തലയ്ക്ക് പിടിച്ചവർക്ക് ഇതൊരു നല്ല അനുഭവം ആയിരിക്കും. അടങ്ങാത്ത ആഗ്രഹത്തിന്റേയും കഠിനാധ്വാനത്തിന്റേയും വെല്ലുവിളികളുടെയും കഥയാണ് ചിത്രം പറയുന്നത്. എത്ര തളർച്ചയിലും വീണ് പോകാതെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നവർ കണ്ടിരിക്കേണ്ട സിനിമയാണിത്.   
 
(റേറ്റിംഗ്: 3.5/5) 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

അടുത്ത ലേഖനം
Show comments