Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bazooka Review: വീഴാതെ താങ്ങിയ 'ഡെവിളിഷ് ഹാന്‍ഡ്'; സ്‌റ്റൈലിഷ് ബസൂക്ക

മറ്റു കഥാപാത്രങ്ങളെ കൊണ്ട് മമ്മൂട്ടിയുടെ കഥാപാത്രത്തെ നോക്കി 'എന്ത് ലുക്കാണ് കാണാന്‍' എന്നൊക്കെ പറയിപ്പിക്കുന്ന ക്ലീഷേ പരിപാടികള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു

Bazooka Review, Bazooka Malayalam Review, Bazooka Review Webdunia Malayalam, Mammootty Bazooka, Bazooka box office, Bazooka first half review, ബസൂക്ക റിവ്യു, ബസൂക്ക റിവ്യു മലയാളം, ബസൂക്ക മലയാളം റിവ്യു, ബസൂക്ക തിയറ്റര്‍ പ്രതികരണം, ബസൂക്ക ഹിറ്റ്, ബസൂക്

Nelvin Gok

, വ്യാഴം, 10 ഏപ്രില്‍ 2025 (18:57 IST)
Mammootty (Bazooka)

Bazooka Review: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് ഒരുക്കിയ 'ബസൂക്ക' സാധാരണ പ്രേക്ഷകര്‍ക്ക് ഒരു വണ്‍ടൈം വാച്ചബിള്‍ മൂവിയും മമ്മൂട്ടി ആരാധകര്‍ക്കു സ്‌റ്റൈലിഷ് ട്രീറ്റുമാണ്. ന്യൂനതകള്‍ ഒട്ടേറെയുണ്ടെങ്കിലും പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഡീനോ പ്രതീക്ഷ നല്‍കുന്നുണ്ട്. 
 
കൊച്ചിയില്‍ ചാര്‍ജ്ജെടുക്കുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ബെഞ്ചമിന്‍ ജോഷ്വ (ഗൗതം വാസുദേവ് മേനോന്‍), അയാളുടെ ടീമിലെ അംഗങ്ങളായ അര്‍ജുന്‍ (സിദ്ധാര്‍ത്ഥ് ഭരതന്‍), ടോണി (ഡിനു ഡെന്നീസ്), സന്യ (ഭാമ അരുണ്‍) എന്നിവര്‍ ചേര്‍ന്ന് കൊച്ചി നഗരത്തിലെ ക്രമസമാധാന നില ശാന്തമാക്കാന്‍ ശ്രമിക്കുകയാണ്. അതിനിടെ ബെഞ്ചമില്‍ ജോഷ്വയ്ക്കു വെല്ലുവിളി ഉയര്‍ത്തി നഗരത്തില്‍ ചില മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മോഷണങ്ങള്‍ക്കെല്ലാം ഒരു ഗെയിമിങ് പാറ്റേണ്‍ ഉണ്ട്. മോഷണങ്ങളെ കുറിച്ച് രസകരമായ സൂചനകള്‍ മുന്‍കൂട്ടി നല്‍കിയാണ് കാണാമറയത്തുള്ള 'വില്ലന്‍' ഓരോ കുറ്റകൃത്യങ്ങളും വിജയകരമായി ചെയ്യുന്നത്. മൂന്ന് മോഷണങ്ങള്‍ വിജയകരമായി നിര്‍വഹിച്ച സമര്‍ത്ഥനായ കള്ളന്‍ അടുത്ത പദ്ധതി പ്ലാന്‍ ചെയ്യുന്നു. മുഖം തരാതെ മോസ് ആന്റ് ക്യാറ്റ് കളിക്കുന്ന വില്ലനിലേക്ക് ബെഞ്ചമിന്‍ ജോഷ്വയും സംഘവും നടത്തുന്ന അന്വേഷണമാണ് 'ബസൂക്ക'. 
 
തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത വില്ലനെ കണ്ടെത്താന്‍ ബെഞ്ചമിന്‍ ജോഷ്വ ഒരു ഫോറന്‍സിക് വിദഗ്ധന്റെ സഹായം തേടുന്നുണ്ട്. ബെഞ്ചമിന്റെ സുഹൃത്ത് കൂടിയായ ജോണ്‍ സീസര്‍ (മമ്മൂട്ടി). മലയാളത്തില്‍ പരിചിതമല്ലാത്ത ഒരു ഗെയിം ത്രില്ലര്‍ ഴോണറിലാണ് തിരക്കഥാകൃത്ത് കൂടിയായ ഡീനോ ഡെന്നീസ് 'ബസൂക്ക' ഒരുക്കിയിരിക്കുന്നത്. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഗെയിമിങ്ങിനു ഏറെ പ്രാധാന്യമുണ്ട്. 
 
ക്യാരക്ടര്‍ ബില്‍ഡിങ്ങിനും സിനിമയുടെ പ്ലോട്ട് ഒരുക്കുന്നതിനും മാത്രമാണ് ആദ്യ പകുതിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ജോണ്‍ സീസര്‍ (മമ്മൂട്ടി) ബെംഗളൂരുവിലേക്ക് നടത്തുന്ന ഒരു ബസ് യാത്രയിലൂടെയാണ് ആദ്യ പകുതി പോകുന്നത്. ബസിനുള്ളില്‍ വെച്ചുള്ള ചില ഡയലോഗുകളും തമാശകളും അനാവശ്യമായിരുന്നു. മറ്റു കഥാപാത്രങ്ങളെ കൊണ്ട് മമ്മൂട്ടിയുടെ കഥാപാത്രത്തെ നോക്കി 'എന്ത് ലുക്കാണ് കാണാന്‍' എന്നൊക്കെ പറയിപ്പിക്കുന്ന ക്ലീഷേ പരിപാടികള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. ആദ്യ പകുതിയിലെ ഫൈറ്റ് സീനുകള്‍ സാധാരണ പ്രേക്ഷകരെ മാത്രമല്ല മമ്മൂട്ടി ആരാധകരെ പോലും അതിശയിപ്പിക്കുന്നില്ല. പല സ്ഥലങ്ങളിലും എഡിറ്റിങ്ങിന്റെ പോരായ്മ എടുത്തു കാണിച്ചിരുന്നു. ഗെയിമിങ്ങിന്റെ പശ്ചാത്തലത്തില്‍ കഥ ബില്‍ഡ് ചെയ്തു കൊണ്ടുപോയത് ആദ്യ പകുതിയിലെ ഒരു പോസിറ്റീവ് വശമാണ്. ഗെയ്മിങ്ങിനെ കുറിച്ച് അത്ര അറിവില്ലാത്ത പ്രേക്ഷകരെ പോലും കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്ന തരത്തില്‍ ആ ഭാഗങ്ങള്‍ എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ട്. 
 
രണ്ടാം പകുതിയുടെ ആദ്യ 20 മിനിറ്റും ആദ്യ പകുതിയുടെ പോലെ വളരെ ഫ്‌ളാറ്റായാണ് പോയത്. ഒരുപക്ഷേ ഈ സിനിമ പൂര്‍ണമായും താഴെ വീഴുമെന്ന ഒരു തോന്നല്‍ പോലും ഈ സമയത്ത് പ്രേക്ഷകരില്‍ ഉണ്ടായിക്കാണും. എന്നാല്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റഗോണിസ്റ്റ് റിവിലേഷന്‍ മുതല്‍ സിനിമയുടെ ഗ്രാഫ് ഉയരുന്നു. അവസാന അരമണിക്കൂര്‍ ആണ് ഈ സിനിമയുടെ ബോക്‌സ്ഓഫീസ് വിധി നിര്‍ണയിക്കാന്‍ പോകുന്നത്. ആന്റഗോണിസ്റ്റിനെ അനാവരണം ചെയ്യുന്നത് മാത്രമല്ല ആ കഥാപാത്രത്തിനു പെര്‍ഫോം ചെയ്യാനുള്ള വലിയ സാധ്യതയും തിരക്കഥയില്‍ നല്‍കിയിട്ടുണ്ട്. 

Bazooka Review: ക്ലൈമാക്‌സും മമ്മൂട്ടിയുടെ പ്രകടനവുമാണ് ബസൂക്കയ്ക്ക് ജീവന്‍ നല്‍കുന്നത്. തണുപ്പന്‍ മട്ടിലായി പോയ തിയറ്ററിലെ പ്രേക്ഷകരെ മുഴുവന്‍ അതിശയിപ്പിക്കാന്‍ ഒരുപരിധിവരെ മമ്മൂട്ടിയുടെ പ്രകടനത്തിനു സാധിച്ചു. ആ കഥാപാത്രത്തിനു മമ്മൂട്ടി നല്‍കിയ ചില മാനറിസങ്ങള്‍ രസകരവും എന്‍ഗേജിങ്ങും ആയിരുന്നു. ശരീരഭാഷയിലോ ഡയലോഗ് ഡെലിവറിയിലോ ഒരല്‍പ്പം പാളിപ്പോയാല്‍ സിനിമയുടെ ഗതി തന്നെ മാറാന്‍ പാകത്തിനുള്ള കഥാപാത്രമായിരുന്നു അത്. സിനിമയിലെ നാലര പതിറ്റാണ്ട് നീണ്ട അനുഭവസമ്പത്ത് ആ കഥാപാത്രത്തെ മമ്മൂട്ടിയുടെ കൈയില്‍ ഭദ്രമാക്കി. 
 
സയീദ് അബ്ബാസിന്റെ സംഗീതമാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്. ആദ്യ പകുതിയില്‍ സയീദ് അബ്ബാസിന്റെ പശ്ചാത്തല സംഗീതമാണ് പ്രേക്ഷകരെ മടുപ്പിക്കാതെ പിടിച്ചിരുത്തുന്നത്. അതില്‍ തന്നെ ഗൗതം വാസുദേവ് മേനോന്റെ ഇന്‍ഡ്രോ സീനില്‍ നല്‍കിയ പശ്ചാത്തല സംഗീതം സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒന്നായി തോന്നി. നിമിഷ് രവിയുടെ ഛായാഗ്രഹണവും മികച്ചതായിരുന്നു. തിരക്കഥയില്‍ ഒട്ടേറെ ലൂപ് പോളുകള്‍ ഉണ്ടെങ്കിലും പലയിടത്തും മേക്കിങ് ക്വാളിറ്റി കൊണ്ട് ഡീനോ പിടിച്ചുനിന്നു. ഒരു നല്ല ഫിലിം മേക്കര്‍ തന്നിലുണ്ടെന്ന് ബസൂക്കയിലൂടെ ഡീനോ സൂചന നല്‍കുന്നുണ്ട്. 
 
ആകെത്തുകയില്‍ തിയറ്റര്‍ വാച്ചബിലിറ്റി ഡിമാന്‍ഡ് ചെയ്യുന്ന ഒരു ശരാശരി ചിത്രമാണ് ബസൂക്ക. അവസാന അരമണിക്കൂറില്‍ പ്രേക്ഷകര്‍ക്കു ലഭിക്കുന്ന കിക്കാണ് ഈ സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ട്. വരും ദിവസങ്ങളില്‍ ബോക്‌സ്ഓഫീസില്‍ ബസൂക്കയെ വീഴാതെ നിര്‍ത്തുന്നതും അവസാന അരമണിക്കൂറിലെ ആ 'ഡെവിളിഷ് പ്ലേ' ആയിരിക്കും. 
 
റേറ്റിങ്: 2.5 / 5  

Nelvin Gok - [email protected]

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പണം മാത്രം മതി നിങ്ങൾക്ക്, കടക്ക് പുറത്ത്': പാപ്പരാസികളോട് അലറി ജസ്റ്റിന്‍ ബീബര്‍