Kalamkaval Review: ചെകുത്താന്‍ കളംനിറഞ്ഞ 'കളങ്കാവല്‍'; കുറ്റാന്വേഷണമല്ല, വില്ലനൊപ്പമുള്ള സഞ്ചാരം
'കളങ്കാവലി'ന്റെ ആത്മാവ് മമ്മൂട്ടിയുടെ പെര്‍ഫോമന്‍സാണ്. ഇരകളോടു യാതൊരു എമ്പതിയുമില്ലാത്ത സൈക്കോ കില്ലറായി മമ്മൂട്ടി തന്റെ പ്രതിനായകരുടെ നരകത്തിലേക്ക് ഒരു ചെകുത്താനെ കൂടി തുറന്നുവിട്ടിരിക്കുന്നു
Kalamkaval Review: 'ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടാനോ, എന്നോടൊപ്പം നില്‍ക്കാനോ സാധിക്കില്ല,' പറയുന്നത് മമ്മൂട്ടിയാണ്, അല്ലെങ്കില്‍ സ്വന്തം കഥാപാത്രത്തെ കുറിച്ച് അങ്ങനെ പറയാനുള്ള ആത്മവിശ്വാസത്തിന്റെ പേരാണ് 'മമ്മൂട്ടി'. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ഒരു ഔട്ട് ആന്‍ഡ് ഔട്ട് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറല്ല, മറിച്ച് ചെകുത്താനും തോറ്റുപോകുന്ന ഒരു വില്ലനൊപ്പമുള്ള സഞ്ചാരമാണ്. പതിഞ്ഞ താളത്തിലുള്ള, മലയാള സിനിമയ്ക്കു സുപരിചിതമായ ഓവര്‍ ദി ടോപ്പ് ത്രില്ലര്‍ സ്വഭാവം ആവര്‍ത്തിക്കാത്ത ഒരു ക്രൈം ഡ്രാമ.
ആദ്യ ഷോട്ടില്‍ തന്നെ നിങ്ങള്‍ക്കു പ്രതിനായകനെ കാണാം. നാല് പതിറ്റാണ്ടിലേറെ മലയാളി കണ്ടുശീലിച്ച സൂപ്പര്‍ നായകനെ പ്രതിനായകനാക്കുമ്പോള്‍ അത് മമ്മൂട്ടിയായതുകൊണ്ട് പ്രത്യേക ആമുഖത്തിന്റെ ആവശ്യമില്ല. എന്നാല്‍ പട്ടേലരും അഹമ്മദ് ഹാജിയും രാഘവനും കുട്ടനും കൊടുമണ്‍ പോറ്റിയും നോക്കിലോ നിപ്പിലോ നടപ്പിലോ ശരീരഭാഷയിലോ ആവര്‍ത്തിക്കാതിരിക്കാന്‍ മമ്മൂട്ടി തന്നെ വിചാരിക്കണം. വില്ലന്റെ മോഡസ് ഓപറാന്‍ഡി സിനിമയുടെ തുടക്കത്തില്‍ തന്നെ റിവീല്‍ ചെയ്യുന്നുണ്ട്. തൊട്ടുപിന്നാലെ നായകനെയും കാണിക്കുന്നു. നായകനും പ്രതിനായകനും ആരെന്ന് തുടക്കത്തിലെ പരിചയപ്പെടുത്തിയ ശേഷം അവര്‍ ഇരുവരും കണ്ടുമുട്ടുന്ന ഫൈനല്‍ ആക്ട് വരെ സിനിമയുടെ സ്വഭാവം സംവിധായകന്‍ തീരുമാനിച്ചുറപ്പിച്ചതില്‍ നിന്ന് വ്യതിചലിക്കുന്നില്ല. അതിസമര്‍ത്ഥനായ പ്രതിനായകനെ തേടിയുള്ള നായകന്റെ യാത്ര ഓവര്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സോടെ അല്ലാത്തതിനാല്‍ നമുക്ക് ക്ലീഷേയായി തോന്നാം. അങ്ങനെയൊരു സ്വാഭാവികത അന്വേഷണ നടപടികളില്‍ ഉണ്ടായിരിക്കണമെന്ന് സംവിധായകന്‍ ഉറപ്പിച്ചിരുന്നു.
ആദ്യ പകുതിയില്‍ പ്രതിനായകന്റെ മോഡസ് ഓപറാന്‍ഡിയെ അയാളുടെ ഓരോ ഇരകളിലൂടെയും പ്രേക്ഷകരെ പരിചയപ്പെടുത്തി കൊടുക്കുന്ന ഭാഗമുണ്ട്. സംവിധായകന്‍ ഏറ്റവും കൈയടക്കത്തോടെയും ക്ലാരിറ്റിയോടെയുമാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ഇന്റര്‍വെല്‍ പഞ്ച് ഒരു ഹൈ മൊമന്റ് നല്‍കിയാണ് പ്രേക്ഷകരെ ഹൂക്ക് ചെയ്യുന്നത്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയൊന്ന് ഡൗണ്‍ ആകുന്നുണ്ട്, അല്‍പ്പം ഫ്‌ളാറ്റായി പോകുകയാണെന്ന് തോന്നിയേക്കാം. എന്നാല്‍ ആ കുറവിനെ ഒരുപരിധി വരെ മറികടക്കുന്നത് ഫൈനല്‍ ആക്ടിലൂടെയാണ്. പ്രവചനീയമായ 'ട്വിസ്റ്റുകളിലും' പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനും കൈയടിപ്പിക്കാനും ഫൈനല്‍ ആക്ടിനു സാധിച്ചിരിക്കുന്നു.
'കളങ്കാവലി'ന്റെ ആത്മാവ് മമ്മൂട്ടിയുടെ പെര്‍ഫോമന്‍സാണ്. ഇരകളോടു യാതൊരു എമ്പതിയുമില്ലാത്ത സൈക്കോ കില്ലറായി മമ്മൂട്ടി തന്റെ പ്രതിനായകരുടെ നരകത്തിലേക്ക് ഒരു ചെകുത്താനെ കൂടി തുറന്നുവിട്ടിരിക്കുന്നു. മമ്മൂട്ടി തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്തിരിക്കുന്നത് അതിഗംഭീരമായാണ്. വളരെ ലൗഡ് ആയ അഭിനയശൈലിയാണ് വിനായകന്റേത്. അത്തരം കഥാപാത്രങ്ങളാണ് വിനായകനു കൂടുതല്‍ ലഭിച്ചിരുന്നതും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായാണ് കളങ്കാവലില്‍ വിനായകനെ അവതരിപ്പിച്ചിരിക്കുന്നത്. സുപരിചിതമല്ലാത്ത ശൈലിയോടു പൊരുത്തപ്പെടാന്‍ വിനായകനു നൂറ് ശതമാനം സാധിച്ചിട്ടില്ലെങ്കിലും ഇത്തരം കഥാപാത്രങ്ങള്‍ ഭാവിയില്‍ തിരഞ്ഞെടുക്കാന്‍ 'കളങ്കാവല്‍' ധൈര്യം നല്‍കുന്നുണ്ട്. നായികമാരായി എത്തിയവരില്‍ ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍, രജിഷ വിജയന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
വിനായകന്റെ നായകവേഷമാണ് മമ്മൂട്ടിയെ തേടി ആദ്യമെത്തിയത്. എന്നാല്‍ താന്‍ പ്രതിനായകനാകാമെന്ന മമ്മൂട്ടിയുടെ തീരുമാനമാണ് ഓര്‍ഡിനറി ആകേണ്ടിയിരുന്ന സിനിമയെ അതിനു മുകളിലേക്ക് എത്തിക്കുന്നത്. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി പ്രശംസ അര്‍ഹിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ ജിതിന്‍ കെ ജോസ്, മറ്റൊരു തിരക്കഥാകൃത്തായ ജിഷ്ണു ശ്രീകുമാര്‍, ഛായാഗ്രഹകന്‍ ഫൈസല്‍ അലി തുടങ്ങിയവരെല്ലാം തങ്ങളുടെ ഉത്തരവാദിത്തത്തോട് നീതി പുലര്‍ത്തിയപ്പോള്‍ സംഗീതം നിര്‍വഹിച്ച മുജീബ് മജീദ് കൂടുതല്‍ കൈയടി അര്‍ഹിക്കുന്നു. പശ്ചാത്തല സംഗീതവും 'നിലാ കായും' എന്നുതുടങ്ങുന്ന ഗാനവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ പോലെയാണ് പ്ലേസ് ചെയ്തിരിക്കുന്നത്.
ഒരു സ്ലോ-ബേര്‍ണര്‍ ക്രൈം ഡ്രാമയെന്ന നിലയില്‍ സമീപിച്ചാല്‍ നിങ്ങളെ തൃപ്തിപ്പെടുത്തുകയും ട്വിസ്റ്റുകളാല്‍ സമ്പന്നമായ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു കയറിയാല്‍ ശരാശരി സിനിമാറ്റിക് എക്‌സ്പീരിയന്‍സ് നല്‍കുകയും ചെയ്യുന്ന സിനിമയാണ് 'കളങ്കാവല്‍'. കഥ, പ്ലോട്ട്, കഥാപാത്രങ്ങളുടെ ആഴം എന്നിവ പരിഗണിച്ചാല്‍ അല്‍പ്പംകൂടി മെച്ചപ്പെടുത്താമായിരുന്ന സിനിമയെന്നും തോന്നി. അപ്പോഴും 'കളങ്കാവല്‍' പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. റേറ്റിങ്: 3/5