Webdunia - Bharat's app for daily news and videos

Install App

ക്ലാസുമല്ല മാസുമല്ല ഇത് അതുക്കും മേലെ! - ലൂസിഫർ ഒരു വെൽ പാക്കേജ്ഡ് മൂവി, വെൽ‌ഡൺ പൃഥ്വി

എസ് ഹർഷ
വ്യാഴം, 28 മാര്‍ച്ച് 2019 (11:50 IST)
പ്രിഥ്വിരാജ് എന്ന നടൻ സംവിധാനം ചെയ്യുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വമ്പൻ ഹൈപ്പ് വന്ന ചിത്രമായിരുന്നു ലൂസിഫർ. പിന്നാലെ, നായകൻ മോഹൻലാൽ ആണെന്നും തിരക്കഥ മുരളി ഗോപിയുടേതാണെന്നും അറിയിപ്പുകൾ വന്നു. പ്രഖ്യാപനം നടത്തി ഇടവേളകൾ കഴിഞ്ഞ് കാസ്റ്റിംഗ് എന്ന ഘട്ടത്തിലാണ് പ്രിഥ്വി പ്രേക്ഷകരെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ചത്. 
 
ഓരോ താരങ്ങളും അപാരമെന്നല്ലാതെ മറ്റെന്ത് പറയാൻ. പ്രൊമോഷൻ പരിപാടികളിലോ മറ്റിടങ്ങളിലോ ഒന്നും ‘ഇതാണ് എന്റെ പടം’ എന്ന വമ്പൻ ഇമേജ് ഉണ്ടാക്കിയെടുക്കാൻ പ്രിഥ്വി ശ്രമിച്ചില്ല. എന്നാൽ, ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി ‘മോഹൻലാലിനെ ഞാൻ കാണാൻ ആഗ്രഹിക്കുന്ന രീതിയിലാണ് ഈ പടമെന്ന്’. പറഞ്ഞ വാക്ക് പാലിക്കുന്ന സംവിധായകനാണ് പ്രിഥ്വിയെന്ന് വ്യക്തം. 
 
പ്രിത്വിരാജ് പറഞ്ഞത് പോലെ തന്നെ പുള്ളി ലാലേട്ടനെ കാണാൻ എങ്ങനെ ആഗ്രഹിച്ചുവോ അതേ രീതിയിൽ പുള്ളി ലൂസിഫറിനെ കാണിച്ചു തന്നു. അത് തന്നെയാണ് ഓരോ മോഹൻലാൽ ആരാധകനും ആഗ്രഹിക്കുന്നത്. ഒരു വെൽ സ്‌ക്രിപ്റ്റ്ഡ് ക്ലാസ് പ്ലാറ്റ്ഫോമിന്റെ ശക്തമായ അടിത്തറയിൽ ഒരു മാസ് പടം എങ്ങനെയുണ്ടാക്കാമെന്ന് പഠിപ്പിക്കുകയാണ് പ്രിഥ്വി.  
 
അമിതപ്രതീക്ഷകളോ പ്രത്യേകിച്ച് അവകാശവാദങ്ങളോ ഇല്ലാതെയാണ് സിനിമയെത്തിയത്. പ്രിഥ്വിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘ആളുകൾ സംസാരിക്കേണ്ടത് സിനിമയെ കുറിച്ചാണ്. സിനിമയെക്കാൾ മുകളിലല്ല നടൻ‘. ആ വാക്കുകൾ സത്യമാവുകയാണ്. ഇവിടെ ലൂസിഫർ ആണ് താരം.  
 
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ഒടിയനിൽ മാസ് സംവിധായകന്റെ തള്ളലിൽ ഒതുങ്ങിയെന്ന പരാതി എന്തായാലും ഫാൻസിന് ഈ ഒരു പടത്തിലൂടെ മാറി കിട്ടും. മാസിന്റെ പൊടിപൂരമാണ് ചിത്രത്തിൽ. പൂർണ്ണമായും ആരാധകരെ ഉദ്ദേശിച്ച് ഇറങ്ങിയിരിക്കുന്ന സിനിമയിൽ ആക്ഷനും മാസ്സിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. 'ലൂസിഫർ' ആരംഭിക്കുന്നത് പതിഞ്ഞ താളത്തിലാണ്. 
 
പി കെ ആർ എന്ന രാഷ്ട്രീയ അതികായകന്റെ മരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ അരമണിക്കൂറുകളിൽ ഓരോ കഥാപാത്രത്തേയും കാണിച്ച് പോകുന്നു. അവർക്കുള്ള ആമുഖമാണ് ആദ്യ അരമണിക്കൂർ. വരാനിരിക്കുന്ന വലിയ യുദ്ധത്തിന്റെ വമ്പൻ ബിൽഡ് അപ് തന്നെ എന്ന് പറയാം. പി കെ ആറിനു ശേഷം ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം സ്റ്റീഫൻ എന്നാണ്. സ്റ്റീഫൻ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് പ്രേക്ഷകർ തിരിച്ചറിയുന്നിടത്താണ് കഥയുടെ ഗതി മാറുന്നതും ചൂട് കൂടുന്നതും.  
 
മാസും ആക്ഷനും കോർത്തിണക്കിയതാണെങ്കിലും ഒന്നാം പാതി അൽപ്പം വിരസത സ്രഷ്ടിക്കുന്നുണ്ട്. പതിഞ്ഞ താളത്തിലുള്ള ഇഴച്ചിൽ ചിലയിടങ്ങളിൽ ലാഗ് ഉണ്ടാക്കിയേക്കാം. രാഷ്ട്രീയ ബാക്ക്ഗ്രൗണ്ടിൽ ആണ് കഥ പറയുന്നതെങ്കിലും കഥയിൽ രാഷ്ട്രീയത്തിന് വല്യ പ്രസക്തി ഇല്ല.
 
എന്നാൽ, രണ്ടാം ഭാഗത്തിൽ മസാല പുരട്ടിയ മാസ്സ് രംഗങ്ങളും നെടുനീളൻ ആക്ഷനും കോർത്തിണക്കി തിയേറ്റർ പൂരപ്പറമ്പാക്കാനുള്ളതെല്ലാം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പക്ഷേ, ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചില രംഗങ്ങളെല്ലാം ക്ലീഷേ ആകുന്നുണ്ട്. അതുവരെയുണ്ടായിരുന്ന ആ ഫ്ലോ മാറിമറിയുന്ന പോലെയുള്ള കാഴ്ചയായിരുന്നു ക്ലൈമാക്സിൽ.
 
പക്ഷേ നായകനേക്കാൾ സ്ക്രീൻ സ്പേസ് ലഭിച്ചത് വിവേക് ഒബ്റോയിയുടെ വില്ലൻ കഥാപാത്രത്തിനാണ്. മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവർ കട്ടക്ക് മോഹൻലാലിനൊപ്പം പിടിച്ചു നിന്നു. ഒരുപാട് കഥാപാത്രങ്ങളെ അവസാനം എങ്ങോട്ട് എത്തിക്കണം എന്ന കൺഫ്യൂഷൻ ക്ലൈമാക്സിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും ആരാധകർക്ക് ആവേശമുണർത്താൻ പോന്നതെല്ലാം ചിത്രത്തിലുണ്ട്. 
 
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ബി ജി എം ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്. ബിജി‌എം തകർത്തപ്പോൾ ശോകമായത് സംഗീതമായിരുന്നു. സ്റ്റീഫന്റെ മാസ് എൻ‌ട്രി കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെടുന്നത്. സംസ്ഥാന അവാർഡ് ജേതാവായ സുജിത് വാസുദേവന് കരങ്ങളിൽ ചിത്രത്തിന്റെ ഛായാഗ്രഹണം ഭഭ്രമായിരുന്നു. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.
 
നെടുനീളൻ സംഭാഷണങ്ങൾ ഒന്നുമില്ലെങ്കിലും ഒരു മാസ് ചിത്രത്തിനു വേണ്ട മൂഡ് ഒരുക്കുന്നതിൽ തിരക്കഥ വിജയിച്ചു. ലൂസിഫർ പൂർണ്ണമായും ഒരു ആരാധക ചിത്രമാണ്. ടീസറും ട്രെയിലറും നൽകിയ പോലെ ഒരു പക്കാ രാഷ്ട്രീയ ചിത്രമല്ല ഇത്. പക്കാ മാസ് മസാല ആക്ഷൻ മൂവി. മോഹൻലാൽ ആരാധകർക്ക് ഒരു ദൃശ്യവിരുന്ന് ആകുമെങ്കിലും കുടുംബപ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments