Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രയ്‌നെ തകർത്ത് ഇംഗ്ലണ്ട്, ചെക്കിനെ മടക്കിയയച്ച് ഡെൻമാർക്ക്, യൂറോ സെമി ഫൈനൽ ലൈനപ്പായി

യുക്രയ്‌നെ തകർത്ത് ഇംഗ്ലണ്ട്, ചെക്കിനെ മടക്കിയയച്ച് ഡെൻമാർക്ക്, യൂറോ സെമി ഫൈനൽ ലൈനപ്പായി
, ഞായര്‍, 4 ജൂലൈ 2021 (08:33 IST)
ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കൊടുവിൽ യൂറോ സെമി ഫൈനൽ ലൈനപ്പ് വ്യക്തമായി. യൂറോയിലെ തുല്യശക്തികൾ തമ്മിൽ നടന്ന ആദ്യപോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ ഡെൻമാർക്ക് തിരിച്ചയച്ചപ്പോൾ ഏകപക്ഷീയമായ രണ്ടാം ക്വാർട്ടർ മത്സരത്തിൽ എതിരാളിയെ നിലംപരിശാക്കികൊണ്ടാണ് ഇംഗ്ലണ്ടിന്റെ വിജയം.
 
നായകൻ ഹാരി കെയ്‌ൻ ചുക്കാൻ പിടിച്ചതും യുവതാരങ്ങളടങ്ങിയ ഇംഗ്ലണ്ട് നിര പതിവില്ലാത്ത വിധം കളം പിടിക്കുകയും ചെയ്‌തതോടെ യുക്രെയ്‌ൻ ചിത്രത്തിൽ തന്നെയില്ലാതെയായി. കളി തുടങ്ങി 4 മിനിറ്റുകൾക്കുള്ളിൽ തന്നെ നായകൻ ഹാരി കെയ്‌നിലൂടെ ആദ്യ ഗോൾ. 46ആം മിനിറ്റിൽ ഹാരി മഗ്വയർ, 50ആം മിനിറ്റിൽ ഹാരി കെയ്‌ൻ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍ (63) എന്നിവരും ഗോൾ കണ്ടെത്തിയതോടെ 1966ന് ശേഷം ആദ്യമായി ഇംഗ്ലണ്ട് നിര യൂറോ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി.
 
മറുവശത്ത് ചെക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഡെൻമാർക്കിന്റെ വിജയം. തോമസ് ഡെലേനി (അഞ്ചാം മിനിറ്റ്), കാസ്‌പെര്‍ ഡോല്‍ബെര്‍ഗ് (42) എന്നിവരാണ് ഡെന്‍മാര്‍ക്കിന്റെ സ്‌കോറര്‍മാര്‍. 49ാം മിനിറ്റില്‍ ടീമിന്റെ ഗോള്‍മെഷീനായ പാട്രിക്ക് ഷിക്ക് ചെക്കിനായി ആദ്യ ഗോൾ മടക്കിയെങ്കിലും കളിയിലേക്ക് തിരിച്ചെത്താനുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ ശ്രമങ്ങൾ ഒന്നുംതന്നെ ഫലിച്ചില്ല.
 
ക്വാർട്ടർ ഫൈനലിലെ വിജയികളെ നിശ്ചയിക്കപ്പെട്ടതോട് കൂടി യൂറോയിലെ ഏറ്റവും കരുത്തരായ നാല് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്‌ച്ച രാത്രി 12:30ന് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇറ്റലി സ്പെയിനിനെയും ബുധനാഴ്‌ച്ച രാത്രി 12:30ന് നടക്കുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഡെൻമാർക്കിനെയും നേരിടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേസമയം രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു, വീഡിയോ