ബാഴ്സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ ലോക ഫുട്‌ബോളറായി തെരഞ്ഞെടുത്തതില്‍ ഒത്തുകളി നടന്നുവെന്ന് ആരോപണം. നിക്കാരഗ്വ ഫുട്‌ബോള്‍ ടീം നായകന്‍ ജുവാന്‍ ബറേറയാണ് ഞെട്ടിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബറേറയ്‌ക്കൊപ്പം ഈജിപ്‌ത് ഫുട്ബോള്‍ ഫെഡറേഷനും സുഡാന്‍ ഫുട്ബോള്‍ അസോസിയേഷനും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഫിഫ തള്ളി.
“മികച്ച ഫുട്‌ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ താന്‍ വോട്ട് ചെയ്‌തിരുന്നില്ല. എന്നാല്‍ താന്‍ ആദ്യ വോട്ട് മെസിക്കും രണ്ടാം വോട്ട് സാഡിയോ മാനെക്കും മൂന്നാം വോട്ട് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും രേഖപ്പെടുത്തിയെന്നാണ് ഫിഫയുടെ രേഖകളില്‍ പറയുന്നത്” - എന്നും ബറേറ പറഞ്ഞു.
മുഹമ്മദ് സലയ്‌ക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ കണക്കിലെടുത്തില്ലെന്ന ആരോപണമാണ് ഈജിപ്‌ത് ഫുട്ബോള്‍ ഫെഡറേഷന്‍ ഉന്നയിച്ചിരിക്കുന്നത്.
മുഹമ്മദ് സാലയ്‌ക്ക് താന്‍ ചെയ്‌ത വോട്ട് മായ്‌ച്ചു കളയപ്പെട്ടുവെന്നും, ആ വോട്ട് മെസിയുടെ പേരിലാണ് വന്നിരിക്കുന്നതെന്നുമാണ് സുഡാന്‍ ദേശീയ ടീം പരിശീലകന്‍ ഡ്രവ്കോ ലുഗാരിസ് ആരോപിച്ചിരിക്കുന്നത്.