Harry Kane wins Bundesliga
2024- 25 സീസണിലെ ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്. ക്ലബിന്റെ മുപ്പത്തിനാലാമത്തെ ജര്‍മന്‍ ലീഗ് കിരീടമാണ് ബയേണ്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ബുണ്ടസ് ലിഗ ജേതാക്കളായ ബയേര്‍ ലെവര്‍കൂസനെ മറികടന്നാണ് ബയേണ്‍ കിരീടമുറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തീല്‍ ലെവര്‍കൂസന്‍ ഫ്രീബര്‍ഗിനോട് 2-2 സമനിലയില്‍ പിരിഞ്ഞതോടെ 2 മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ബയേണിന്റെ പോയന്റ് വ്യത്യാസം 8 ആയി ഉയര്‍ന്നിരുന്നു.
ബയേണ്‍ കഴിഞ്ഞ ദിവസം ലെയ്ഗ്പ്‌സിഗിനോട് 3-3ന് സമനിലയില്‍ പിരിഞ്ഞതോടെ ബുണ്ടസ് ലിഗ കിരീടം നേടണമെങ്കില്‍ ബയര്‍ ലവര്‍കൂസന് ഫ്രീബര്‍ഗിനെതിരെ വിജയം അനുവാര്യമായിരുന്നു. മത്സരത്തിലെ നിര്‍ണായകമായ 3 പോയന്റ് നേടാനാകാതെ വന്നതോടെയാണ് ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോല്‍ ബയേണ്‍ മ്യൂണിക്കിന് 76 പോയന്റും ലെവര്‍കൂസന് 68 പോയന്റുകളുമാണുള്ളത്.
ബയേണിന്റെ കിരീടനേട്ടത്തോടെ കരിയറിലെ ആദ്യ മേജര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കറായ ഹാരി കെയ്‌നിന് സാധിച്ചു. സീസണില്‍ 24 ഗോളുകള്‍ നേടി ബയേണിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകപങ്കാണ് ഹാരി കെയ്ന്‍ വഹിച്ചത്. നേരത്തെ ഇംഗ്ലണ്ട് ദേശീയ റ്റീമിലും ടോട്ടന്നമിലും ഹാരി കെയിനിന് കിരീടനേട്ടങ്ങളൊന്നും സ്വന്തമാക്കാനായിരുന്നില്ല. പല ടൂര്‍ണമെന്റുകളിലും ഫൈനലുകളില്‍ വന്നെങ്കിലും കിരീടനേട്ടം സ്വന്തമാക്കാനാവാതെ വന്നതോടെ ഹാരികെയ്‌നിന്റെ ട്രോഫി ശാപം ഫുട്‌ബോള്‍ ലോകത്ത് പ്രശസ്തമായിരുന്നു. ബയേണിനൊപ്പം ഈ ശാപത്തിന് കൂടിയാണ് അന്ത്യമായിരിക്കുന്നത്.