ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല - തിരിച്ചുവരുമെന്ന് താരം
ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല - തിരിച്ചുവരുമെന്ന് താരം
ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടി യന്ത്രം ഇയാന്‍ ഹ്യൂമിന് പരിക്കേറ്റതാണ് മഞ്ഞപ്പടയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
പരുക്ക് സാരമുള്ളതാണെന്നും സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ ഹ്യൂം കളിച്ചേക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. പരുക്കില്‍ നിന്നും താരം പെട്ടെന്ന് മോചിതനാകട്ടെ എന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ആശംസിച്ചു. അതേസമയം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ഹ്യൂം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഹ്യൂമിന്റെ പരുക്ക് ടീമിനെ പ്രതിരോധത്തിലാക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കെസിറോണ്‍ കിസിറ്റോ, ദിമതര്‍ ബെര്‍ബറ്റോവ് എന്നീ താരങ്ങളും പരുക്കിന്റെ പിടിയിലാണ്. നാല് മഞ്ഞക്കാർഡുകൾക്കുള്ള സസ്പെൻഷൻ നേരിടുന്ന ക്യാപ്റ്റൻ സന്ദേശ് ജിങ്കന്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ കളിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ ഹ്യൂമിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകും.
എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിലായിരുന്നു ഹ്യൂമിന് പരുക്കേറ്റത്. സീസണിന്റെ തുടക്കം മുതല്‍ പരുക്കില്‍ വലഞ്ഞിരുന്ന ഹ്യൂമിന് പൂനെ സിറ്റിക്കെതിരായ മത്സരത്തിലും പരുക്കേറ്റിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഗോള്‍ റെക്കോര്‍ഡുള്ള ഹ്യൂം ഇതുവരെ 26 ഗോളുകളാണ് സ്വന്തമാക്കിയത്.