ഖത്തർ ലോകകപ്പിൽ ഫേവറേറ്റുകളായ അർജൻ്റീന പരാജയപ്പെട്ടതിൻ്റെ ഞെട്ടലിലാണ് ഫുട്ബോൾ ആരാധകർ. ദുർബലരായ സൗദി അറേബ്യയോടാണ് അപരാജിതരായി 36 മത്സരങ്ങൾ പിന്നിട്ട അർജൻ്റൈൻ നിര തോൽവി ഏറ്റുവാങ്ങിയത്. 48-ാം മിനിറ്റില്‍ സലേ അല്‍ഷെറിയുടെ ഗോളിലൂടെ സൗദി ഒപ്പമെത്തി. പിന്നീട് 53-ാം മിനിറ്റില്‍ സലേ അല്‍ദ്വസാരിയിലൂടെയാണ് സൗദി വിജയഗോൾ കണ്ടെത്തിയത്.
സൗദിയുടെ ഈ അട്ടിമറി വിജയത്തിന് പിന്നിൽ തന്ത്രപരമായ തീരുമാനങ്ങളുമായി വലിയ സ്വാധീനമായിരുന്നു സൗദി പരിശീലകനായ ഹെർവ് റെനാർഡ്. 2012ൽ സാംബിയയെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ജേതാക്കളാക്കിയ റെനാർഡ് കോച്ചെന്ന നിലയിൽ 2015ൽ ഐവറികോസ്റ്റിനെയും ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. ഫ്രഞ്ച് വംശജനായ റെനാർഡ് പഴയ ഫ്രഞ്ച് ഫുട്ബോൾ കളിക്കാരൻ കൂടിയാണ്.
2018ൽ മൊറോക്കോ കോച്ചായി മൊറോക്കോയ്ക്ക് ലോകകപ്പ് യോഗ്യത നേടികൊടുക്കാൻ റെനാർഡിനായിരുന്നു. 2019ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നിന്ന് മൊറൊക്കോ അപ്രതീക്ഷിതമായി പുറത്തായതിനെ തുടർന്ന് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെനാർഡ് പുറത്തോട്ട് പോവുകയായിരുന്നു.
2019ലായിരുന്നു സൗദി പരിശീലകനായി റെനാർഡ് ചുമതലയേറ്റത്. ഈ സ്ഥാനം വഹിക്കുന്ന ആദ്യ ഫ്രഞ്ചുകാരൻ കൂടിയാണ് റെനാർഡ്. 2022 ഖത്തർ ലോകകപ്പിൽ സൗദിക്ക് യോഗ്യത ഉറപ്പാക്കുക മാത്രമല്ല മെസ്സിയുടെ അർജൻ്റീനൻ ടീമിനെ തന്നെ തറപറ്റിച്ചിരിക്കുകയാണ് റെനാർഡിൻ്റെ ചുണക്കുട്ടികൾ.