ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരെ നാണം കെട്ട് റയല്‍ മാഡ്രിഡ്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്മാരെ പിഎസ്ജി തോല്‍പ്പിച്ചത്. സ്പാനിഷ് താരമായ ഫാബിയന്‍ റൂയിസ് പിഎസ്ജിക്കായി ഇരട്ടഗോളുകള്‍ നേടി. ഉസ്മാനെ ഡെംബലെയും ഗോള്‍സാലോ റാമോസുമാണ് മറ്റ് ഗോളുകള്‍ നേടിയത്.
മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ റൂയിസിലൂടെ പിഎസ്ജി മുന്നിലെത്തി. അതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഒന്‍പതാം മിനുട്ടില്‍ ഡെംബലെ പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തി. 24മത്തെ മിനിറ്റില്‍ റൂയിസ് വീണ്ടും വലകുലുക്കി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് കൂടി ശേഷിക്കെയാണ് റാമോസ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 69 ശതമാനവും പിഎസ്ജിയാണ് പന്ത് കൈവശം വെച്ചത്. വെറും 2 ഷോട്ടുകള്‍ മാത്രമാണ് റയലിന് പോസ്റ്റിലേക്ക് തൊടുക്കാനായത്. പ്രതിരോധനിര അമ്പെ പരാജയപ്പെട്ടപ്പോള്‍ റയലിന്റെ പേരുകേട്ട മുന്നേറ്റ നിരയ്ക്കും ഒന്നും ചെയ്യാനായില്ല. റയല്‍ കുപ്പായത്തില്‍ ലൂക്കോ മോഡ്രിച്ചിന്റെ അവസാനമത്സരമായിരുന്നു ഇത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെല്‍സിയാണ് പിഎസ്ജിയുടെ എതിരാളികള്‍.