ക്ലബ് ലോകകപ്പിലെ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി റയല്‍ മാഡ്രിഡ്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി അവസരം ഫെഡറിക്കോ വാല്‍വര്‍ദേ പാഴാക്കിയതോടെ മത്സരം സമനിലയില്‍ കുരുങ്ങുകയായിരുന്നു. കിലിയന്‍ എമ്പാപ്പെയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിന് മത്സരത്തിലുടനീളം കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. പരിശീലകനെന്ന നിലയില്‍ സാബി അലാന്‍സോ ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
മത്സരത്തിന്റെ 34മത്തെ മിനുറ്റില്‍ നേടിയ ഗോളോടെ ഗോള്‍സാലോ ഗാര്‍സിയയാണ് റയലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 41മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൂബന്‍ നെവസ് അല്‍ ഹിലാലിനെ ഒപ്പമെത്തിച്ചു. പിന്നീട് ഗോളുകളൊന്നും നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. മത്സരം ഇഞ്ചുറി സമയത്തേക്ക് കടന്നതിന് പിന്നാലെ റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും വാല്‍വര്‍ദെയുടെ ഷോട്ട് അല്‍ ഹിലാല്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോ തടഞ്ഞിട്ടു.
മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് യുഎഇ ക്ലബ് അല്‍ ഐന്‍ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രഞ്ച് താരം കോലോ മുവാനിയും പോര്‍ച്ചുഗീസ് താരന്‍ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയും ഇരട്ടഗോളുകള്‍ നേടി. കെനാന്‍ യില്‍ഡിസും സ്‌കോര്‍ ചെയ്തു.