ഖത്തര്‍ ലോകകപ്പ് ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍. 2022 ലെ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കളിക്കാനെത്തിയില്ലെങ്കില്‍ കോടിക്കണക്കിനു ആരാധകരുടെ ആവേശം അവസാനിക്കും ! അതെ അങ്ങനെയൊരു സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഖത്തര്‍ ലോകകപ്പിലേക്ക് ശക്തരായ ഇറ്റലി, പോര്‍ച്ചുഗല്‍ ടീമുകളില്‍ നിന്ന് ഒരു ടീം മാത്രമാണ് എന്‍ട്രി നേടുക.
പ്ലേ ഓഫ് സെമി ഫൈനലില്‍ പോര്‍ച്ചുഗല്‍ തുര്‍ക്കിയേയും ഇറ്റലി നോര്‍ത്ത് മാസെഡോണിയേയും നേരിടും. ഇരുവരും വിജയിച്ചാല്‍ ഗ്രൂപ്പ് സി ഫൈനലില്‍ പോര്‍ച്ചുഗലും ഇറ്റലിയും പരസ്പരം ഏറ്റുമുട്ടേണ്ടി വരും. അതില്‍ ഒരു ടീം മാത്രമേ ഖത്തറിലേക്ക് തിരിക്കുകയുള്ളൂ. ഗ്രൂപ്പ് സി പ്ലേ ഓഫ് ഫൈനലില്‍ ജയിക്കുന്ന ടീം ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടും. തോല്‍ക്കുന്ന ടീമിന് ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിക്കും. ഇതിലേത് ടീം യോഗ്യത ലഭിക്കാതെ മടങ്ങിയാലും അത് ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ചിടുത്തോളം വലിയ തിരിച്ചടിയാകും.
ഫുട്‌ബോള്‍ കരിയറില്‍ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് ആയിരിക്കും ഖത്തറിലേത്. ഈ ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍ എന്‍ട്രി നേടിയില്ലെങ്കില്‍ അത് റൊണാള്‍ഡോ ആരാധകര്‍ക്കും വലിയ വേദനയാകും.