ഇന്ത്യന്‍ സീനിയര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഓസ്‌ട്രേലിയയില്‍ ജനിച്ച മുന്നേറ്റനിര താരമായ റയാന്‍ വില്യംസിനെ ഉള്‍പ്പെടുത്താനൊരുങ്ങി ഇന്ത്യ. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിനായുള്ള ദേശീയ ടീമിലാണ് താരത്തെ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു എഫ്‌സിയുടെ താരമാണ് വില്യംസ്.
ഫുട്‌ബോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ താരത്തിന് ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം നേടാനാകും. ഇതോടെ നവംബര്‍ 18ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന നിര്‍ണായക യോഗ്യതാ മത്സരത്തില്‍ വില്യംസിന് കളിക്കാനായേക്കും.
റയാന്റെ അമ്മയുടെ മുത്തച്ഛനായ ലിങ്കണ്‍ ഗ്രോസ്ലേറ്റ് 1950കളില്‍ വെസ്റ്റേണ്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനായി കളിച്ചിട്ടുണ്ട്. യുകെയിലും ഓസ്‌ട്രേലിയയിലുമായാണ് വില്യംസിന്റെ ഫുട്‌ബോള്‍ കരിയര്‍. 2023ലാണ് ബെംഗളുരു എഫ്‌സിയിലേക്ക് താരമെത്തിയത്. ബെംഗളുരു എഫ്‌സിക്കായി 46 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും 5 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ദേശീയ ടീമില്‍ പിഐഒ/ഒസിഐ കളിക്കാരെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് റയാന്‍ വില്യംസിനെ പറ്റിയുള്ള വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. വിദേശത്ത് ജനിച്ച കളിക്കാര്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് ഇന്ത്യയ്ക്കായി കളിക്കാന്‍ തയ്യാറാകുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഉത്തേജനം നല്‍കുന്ന കാര്യമാണ്.