സീസണിലെ തുടര്‍ച്ചയായ പതിനാറാം മത്സരത്തിലും വിജയം കൈവിടാതെ ബയേണ്‍ മ്യൂണിക്. ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നുമായി നടന്ന മത്സരത്തില്‍ 2-1നായിരുന്നു ബയേണിന്റെ വിജയം. ചാമ്പ്യന്‍സ് ലീഗിലെ ബയേണിന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്താനും ബയേണിനായി. 10 പേരായി ചുരുങ്ങിയിട്ടും ശക്തമായ പോരാട്ടമാണ് ബയേണ്‍ നടത്തിയത്. ലൂയിസ് ഡിയാസാണ് ബയേണിനായി 2 ഗോളുകളും സ്വന്തമാക്കിയത്. ജാവോ നെവസാണ് പിഎസ്ജിയുടെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിലെ 4,32 മിനിറ്റുകളിലായിരുന്നു ബയേണിന്റെ ഗോളുകള്‍. അതേസമയം മത്സരത്തില്‍ ബയേണിന്റെ വിജയശില്പിയായെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പിഎസ്ജി താരം അഷ്‌റഫ് ഹക്കീമിക്കെതിരെ അപകടകരമായ ഫൗള്‍ ചെയ്ത് ലൂയിസ് ഡിയാസ് പുറത്തുപോയിരുന്നു. മത്സരത്തിലെ രണ്ടാം പകുതിയില്‍ 10 പേരായി ചുരുങ്ങിയിട്ടും അത് മുതലെടുക്കാന്‍ പിഎസ്ജിക്ക് സാധിച്ചില്ല.