ഭക്ഷണത്തിനു രുചിയും നിറവും പകരുന്നതില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മഞ്ഞള്‍ കേമനാണ്. മഞ്ഞള്‍ ശരീരത്തിനും തലച്ചോറിനും ഒരുപാട് ഗുണങ്ങള്‍ ചെയ്യുമെന്നാണ് പഠനം. മഞ്ഞളില്‍ ധാരാളമായി കാണപ്പെടുന്ന സംയുക്തമാണ് കുര്‍ക്കുമിന്‍. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പല രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും ഈ സംയുക്തം സഹായിക്കുന്നു.
ശരീരത്തില്‍ ദോഷകരമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള രോഗാണുക്കളെ ചെറുക്കാന്‍ കുര്‍ക്കുമിന്‍ കൊണ്ട് സാധിക്കുന്നു. ശരീരത്തിലെ ആന്റി-ഓക്‌സിഡന്റ് ശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ സഹായിക്കും. മഞ്ഞളിലെ കുര്‍ക്കുമിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചിന്താശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
രക്തക്കുഴലുകളുടെ പാളികളെ ബലമുള്ളതാക്കുകയും അതുവഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയാന്‍ കാരണമാകുകയും ചെയ്യും. അര്‍ബുദത്തിനു കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ച തടയുന്നതില്‍ കുര്‍ക്കുമിന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ പ്രതിരോധിക്കാനും മഞ്ഞള്‍ സഹായിക്കും.