പുരുഷന്മാരെ പോലെ സ്‌ത്രീകളെയും ആശങ്കപ്പെടുത്തുന്ന അവസ്ഥയാണ് വിഷാദരോഗം. കൌമാരക്കാരായ യുവതികളെയും മുതിര്‍ന്നവരെയും ഒരു പോലെ അലട്ടുന്ന മാനസിക പ്രശ്‌നം കൂടിയാണ് വിഷാദരോഗം.
വിഷാദരോഗം മധ്യവയസ്‌കരാരായ സ്‌ത്രീകളെ പലവിധത്തില്‍ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ ഇത്തരക്കാരെ പിടികൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപെടാനും താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം എന്നിവയില്‍ രണ്ട് ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ചക്കാലം തുടര്‍ച്ചയായുണ്ടായാല്‍ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് സംശയിക്കാം.
ചില സ്‌ത്രീകളില്‍ മാറാരോഗങ്ങളും ചിലപ്പോള്‍ മറവിയും ശക്തമാകാം. ഒന്നിനോടും താല്‍പ്പര്യമില്ലാത്ത അവസ്ഥ, വിഷാദം, മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ശ്രമം, സംസാരക്കുറവ്, ഒറ്റയ്‌ക്ക് സമയം ചെലവഴിക്കുക എന്നിവ വിഷാദരോഗത്തിന്റെ ഭാഗമാണ്.
ഇതോടൊപ്പം ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, മറവി, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അകാരണമായ ഭയം, സംശയങ്ങള്‍, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെയുള്ള മിഥ്യാനുഭവങ്ങള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്.