Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിരീഡ്‌സുള്ളവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ?

പിരീഡ്‌സുള്ളവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ?
, ശനി, 24 ഏപ്രില്‍ 2021 (12:19 IST)
രാജ്യത്ത് 18 വയസ് മുതലുള്ളവര്‍ക്ക് മേയ് ഒന്നിനാണ് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. അതിനിടയിലാണ് സ്ത്രീകള്‍ക്കിടയില്‍ വലിയൊരു സംശയം ഉയര്‍ന്നിരിക്കുന്നത്. ആര്‍ത്തവമുള്ള (പിരീഡ്‌സ്) സമയത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ എന്നതാണ് സംശയം. കോവിഡ് വാക്‌സിന്‍ ആര്‍ത്തവ ചക്രത്തെ ബാധിക്കുമെന്നും പ്രത്യുല്‍പ്പാദനശേഷിയെ സാരമായി ബാധിക്കുമെന്നും ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
'ആര്‍ത്തവചക്രത്തെ കോവിഡ് വാക്‌സിന്‍ പ്രതികൂലമായി ബാധിക്കുമെന്ന് യാതൊരു പഠനങ്ങളും നിലവില്‍ ഇല്ല,' രണ്ട് വിദേശ ഡോക്ടര്‍മാരെ ഉദ്ദരിച്ച് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വാക്‌സിന്‍ ആര്‍ത്തവ ചക്രത്തെ ബാധിക്കുമെങ്കില്‍ തന്നെ അത് ഒരു തവണ മാത്രമേ സംഭവിക്കൂ എന്നും പറയുന്നു. അതായത് വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള പിരീഡ്‌സ് ഒരു തവണയെങ്ങാനും വൈകിയേക്കാം. ഇത് വളരെ ചെറിയ ശതമാനം സ്ത്രീകളിലേ കാണൂ. 
 
ഇല്ലിനോയിസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ.കാതറിന്‍ ക്ലാന്‍സി ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ, 'എന്റെ പിരീഡ്‌സിന്റെ മൂന്നാം ദിവസത്തിലാണ് ഞാന്‍. ഇത്തവണ കൂടുതല്‍ പാഡ് ഉപയോഗിക്കേണ്ടിവന്നു. സാധാരണയായി ഒന്നോ രണ്ടോ ഉപയോഗിക്കേണ്ട സമയത്ത് കൂടുതല്‍ ഉപയോഗിക്കേണ്ടിവന്നിരിക്കുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ല,' 
 
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 
 
വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള തങ്ങളുടെ പിരീഡ്‌സ് സാധാരണയില്‍ നിന്നു വൈകിയതായി അമേരിക്കയില്‍ നിന്നുള്ള ചില സ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള പിരീഡ്‌സില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ഫ്‌ളോ അനുഭവപ്പെട്ടതായാണ് മറ്റൊരു വിഭാഗം സ്ത്രീകള്‍ പറയുന്നത്. ഇത്തരം മാറ്റങ്ങളെല്ലാം അപൂര്‍വമാണ്. ഏതാനും മാസത്തിനുള്ളില്‍ ആര്‍ത്തവചക്രം സാധാരണ രീതിയിലാകുമെന്നാണ് പറയുന്നത്. അതായത് വാക്‌സിന്‍ സ്വീകരിക്കുന്നത് ആര്‍ത്തവത്തെ മോശമായി ബാധിക്കുമെന്ന് പറയാന്‍ സാധിക്കത്തക്ക ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. 
 
ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളി ഡോക്ടര്‍ ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: 
 
പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ 'വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍' സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി !  പതിനെട്ട് വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരെക്കൂടി മെയ് ഒന്ന് മുതല്‍ വാക്സിനേഷന്‍ ഗുണഭോക്താക്കളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഐറ്റം റിലീസായിരിക്കുന്നത്.
 
അപ്പോള്‍ ഇത് സത്യമല്ലേ?
 
സത്യമല്ല. 
 
ഒന്നോര്‍ത്ത് നോക്കൂ, ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകകള്‍ ആണ്, തൊട്ട് പിറകേ വാക്സിനേഷന്‍ ലഭിച്ച   മുന്‍നിരപോരാളികളാണ്. 
 
രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.
 
കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കുക. വാക്സിനേഷനും നിങ്ങളുടെ ആര്‍ത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ് വാക്സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ? കോവിഡ് കാലത്തെ സെക്‌സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍