ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ മുന്നോട്ട് നയിക്കുന്നത് വൃക്കകളാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. അതിനൊപ്പം ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു.
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് ജീവൻ തന്നെ അപകടത്തിലാക്കും. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൃക്ക രോഗത്തെ അകറ്റി നിര്‍ത്താന്‍ കഴിയും.
ലഹരി മരുന്നുകൾ, മദ്യം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കുകയാണ് പ്രധാനം. കൊഴുപ്പു കുറഞ്ഞ ആരോഗ്യപൂർണമായ ഭക്ഷണം ശീലമാക്കുന്നതിനൊപ്പം പതിവായി വ്യായാമങ്ങളിലേർപ്പെടുകയും വേണം.
അമിതരക്തസമ്മർദവും പ്രമേഹവും ചികിത്സിച്ചു നിയന്ത്രിക്കുകയും ഭക്ഷണക്രമം ചിട്ടപ്പെടുത്തുകയും വേണം. വൃക്കരോഗികളുടെ രക്തബന്ധത്തിലുള്ളവർ വൃക്കരോഗ പരിശോധനയ്ക്കു വിധേയരാകേണ്ടതും അത്യാവശ്യമാണ്.