ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ 6 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍. ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ചില ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ നിര്‍ത്തിവെച്ചത്. ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്താനുമാണ് യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിദ്യാഭ്യാസ സംവിധാനത്തില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്ന ആശങ്കയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പ്രകടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി വിസ അപേക്ഷാ പ്രക്രിയ കൂടുതല്‍ സുഗമമാക്കാന്‍ ഹോം അഫയേഴ്‌സ് വകുപ്പും യൂണിവേഴ്‌സിറ്റികളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാഭ്യാസത്തിന് പകരം കുടിയേറ്റത്തിനുള്ള വഴിയായി വിസ ഉപയോഗിക്കുന്ന തെറ്റായ അപേക്ഷകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് വന്നതോടെയാണ് ഈ നടപടി സ്വീകരിച്ചത്. ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകളെ ഇപ്പോള്‍ പൂര്‍ണ്ണമായും നിരാകരിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനയിലൂടെയോ പ്രോസസ്സ് ചെയ്യാനോ ആണ് തീരുമാനം.
എന്നാല്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളുടെ ഈ തീരുമാനം യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുകയും നിരാശരാക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യന്‍ വിദ്യഭ്യാസ വിദഗ്ധര്‍ പറയുന്നു. ഇപ്പോഴും ഓസ്‌ട്രേലിയയിലേക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ഉറവിടമാണ് ഇന്ത്യ.