മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചതിന് പിന്നാലെ ബംഗ്ലാദേശിലെങ്ങും വന്‍ സംഘര്‍ഷം. അവാമി ലീഗ് അനുകൂലികളും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളിലെത്തി. പോലീസ് ഇടപെടല്‍ നടത്തിയെങ്കിലും ഏറ്റുമുട്ടലുകളില്‍ 2 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ധാക്കയിലെയും ബംഗ്ലാദേശിലെ മറ്റ് സ്ഥലങ്ങളിലെയും തെരുവുകളില്‍ വിന്യസിച്ചിരുന്ന പോലീസുമായി അവാമി ലീഗ് അനുകൂലികള്‍ ഏറ്റുമുട്ടുകയായിരുന്നു. അവാമി അനുകൂലികള്‍ ഹൈവേകള്‍ ഉപരോധിച്ചതിന് പിന്നാലെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് ഓടിക്കുന്നതിന്റെയും സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട ഹസീനയ്‌ക്കെതിരെ 3 കുറ്റങ്ങള്‍ ചുമത്തിയാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത്. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടല്‍, പ്രക്ഷോഭത്തിനിടെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെടല്‍ എന്നിവയാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.