മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍
സമാജ് വാദി പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരമാണ് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്
'ഇന്ത്യ' മുന്നണിയില്‍ കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍. വിശാല പ്രതിപക്ഷ സഖ്യമുണ്ടെങ്കില്‍ മാത്രമേ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കൂവെന്നും 'ഇന്ത്യ' മുന്നണിയുടെ നേതൃസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് മാറിനില്‍ക്കണമെന്നുമാണ് ആവശ്യം.
സമാജ് വാദി പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരമാണ് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് 'ഇന്ത്യ' മുന്നണിയെ നയിക്കണമെന്നാണ് ഇവര്‍ പറയുന്നത്.
ബിഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് 'ഇന്ത്യ' മുന്നണിയില്‍ അസ്വാരസ്യം ശക്തമായത്. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യം പൂര്‍ണ പരാജയമായിരുന്നെന്നും തിരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം അതാണെന്നും സമാജ് വാദി പാര്‍ട്ടിയിലും തൃണമൂല്‍ കോണ്‍ഗ്രസിലും വിമര്‍ശനമുണ്ട്. മുന്നണി നേതൃസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് മാറിനില്‍ക്കണമെന്നും മറ്റു പ്രാദേശിക പാര്‍ട്ടികളുമായി കൂടുതല്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.