കാറ്റലോണിയ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശം
കാറ്റലോണിയ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
Publish Date: Fri, 27 Oct 2017 (20:23 IST)
Updated Date: Fri, 27 Oct 2017 (20:25 IST)
സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയ മാതൃരാജ്യമായ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം തീരുമാനിച്ചത്.
135 അംഗ പാര്‍ലമെന്റില്‍ 70 അംഗങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്ത് പേര് എതിര്‍ത്തു. രണ്ട് ബാലറ്റുകള്‍ ശൂന്യമാണ്. അതേസമയം, പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയി വ്യക്തമാക്കി.
കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്പെയിന് നീക്കം നടത്തുന്നതിനിടെയാണ് സ്വാതന്ത്ര്യം പ്രഖ്യാനമുണ്ടായത്. പുതിയ രാഷ്ട്രവുമായി സഹകരിക്കുന്ന വിഷയത്തില്‍ സ്പെയിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാറ്റലോണിയ വ്യക്തമാക്കി. അതേസമയം, സ്വന്ത്ര്യപ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് സമ്മേളനം ബഹിഷ്കരിച്ചു.
നേരത്തെ നടത്തിയ ഹിതപരിശോധനയിൽ 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു. എന്നാൽ സ്പെയിൻ ഹിതപരിശോധനാ ഫലം അംഗീകരിക്കാൻ തയാറല്ലായിരുന്നു. സ്പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ്ഘടനയുടെ നെടുംതൂണായിട്ടാണ് അറിയപ്പെടുന്നത്.