യെമനിലെ ഹൂതി വിമതരെ ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രംപ്
പുതിയ തീരുമാനം പ്രകാരം സ്ഥിതിഗതികള്‍ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ട്രംപിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
യെമനിലെ ഹൂതി വിമതരെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ ഭരണകൂടം ഹൂതി വിമതരെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് പിന്‍വലിച്ചാണ് ട്രംപിന്റെ പുതിയ നീക്കം. ബുധനാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ തീരുമാനം പ്രകാരം സ്ഥിതിഗതികള്‍ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ട്രംപിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മുന്‍ ടേമിലും ഹൂതി വിമതരെ ട്രംപ് ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് പിന്നീട് വന്ന ബൈഡന്‍ മാറ്റിയത്.
റഷ്യയ്ക്കും താക്കീത്
റഷ്യയ്ക്കു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞത്. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ മൂന്നാം ദിവസമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അധിക നികുതി, തീരുവ തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഉടന്‍ ഏര്‍പ്പെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 'ഈ യുദ്ധം അവസാനിക്കട്ടെ. നമുക്കിത് എളുപ്പത്തില്‍ ചെയ്യാം, അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ വഴിയിലൂടെ ചെയ്യാം. എളുപ്പവഴിയാണ് എപ്പഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്.' ട്രംപ് പറഞ്ഞു.