Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചത്?
കഴിഞ്ഞ ആഴ്ചയാണ് മസ്‌കിന്റെ മകന്‍ എക്‌സ് എഇ എ-12 വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്
Donald Trump removed Desk from Office
Donald Trump: ഓഫീസ് മുറിയിലെ മേശ അടിയന്തരമായി മാറ്റി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ യുഎസ് പ്രസിഡന്റുമാര്‍ അടക്കം ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌ക് ആണ് ട്രംപ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചത്. മേശയില്‍ ചില പണികള്‍ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി താല്‍ക്കാലികമായി മാറ്റുകയാണെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
ടെസ്ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ ഈ മേശയില്‍ മൂക്ക് തുടയ്ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അടിയന്തരമായി മേശ മാറ്റി സ്ഥാപിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ആഴ്ചയാണ് മസ്‌കിന്റെ മകന്‍ എക്‌സ് എഇ എ-12 വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്. ട്രംപിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന എക്‌സ് മൂക്കില്‍ വിരല്‍ ഇട്ട ശേഷം മേശയില്‍ തുടയ്ക്കുകയായിരുന്നു. ട്രംപ് മേശ മാറ്റാനുള്ള പ്രധാന കാരണം ഇതാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ജെര്‍മോഫോബ് ആശങ്കയുള്ള വ്യക്തിയാണ് ട്രംപ്. രോഗാണുക്കള്‍ പടരുമോ എന്ന ഭയം ട്രംപിനുണ്ട്. ഇതാകും മേശ മാറ്റാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
1880 ല്‍ വിക്ടോറിയ രാജ്ഞി അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന റഥര്‍ഫോര്‍ഡ് ബി.ഹെയ്‌സിനു സമ്മാനിച്ചതാണ് റെസല്യൂട്ട് ഡെസ്‌ക്. ബ്രിട്ടീഷ് കപ്പലായ എച്ച്.എം.എസ് റെസല്യൂട്ടിലെ ഓക്ക് തടിയിലാണ് ഈ മേശ നിര്‍മിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് നിക്‌സണ്‍, ജെറാള്‍ഡ് ആര്‍.ഫോര്‍ഡ്, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക് ഒബാമ, ജോ ബൈഡന്‍ തുടങ്ങിയവരെല്ലാം ഈ മേശ ഉപയോഗിച്ചിട്ടുണ്ട്. 2017 ലാണ് താന്‍ ജെര്‍മോഫോബ് ആണെന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയത്.