ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.
ചാര പ്രവര്‍ത്തി തടയാന്‍ അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ ജീവനക്കാര്‍ തങ്ങളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രത്യേക ഉറകളില്‍ സൂക്ഷിക്കണമെന്നും പകരം കമ്മീഷന്‍ അനുവദിച്ച ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്. ഉപയോഗത്തിനുശേഷം ഈ ഫോണുകള്‍ ഉപേക്ഷിക്കാം. ഒരു കമ്മ്യൂണിക്കേഷന്‍ പ്രോവൈഡറുടെ സഹായമില്ലാതെ പ്രീപെയ്ഡ് മിനിറ്റുകള്‍ ഉപയോഗിച്ചാണ് ഇത്തരം ഫോണുകള്‍ ആശയവിനിമയം നടത്തുന്നത്. അതിനാല്‍ തന്നെ ഈ ഫോണുകള്‍ ചോര്‍ത്തിയുള്ള ചാരപ്രവര്‍ത്തനം സാധിക്കില്ല.
അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നിവയുടെ യോഗങ്ങള്‍ക്കായി അടുത്ത ആഴ്ച അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥരും ഈ സുരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടും. സാധാരണയായി ചൈനയിലേക്കും യുക്രെയിനിലേക്കും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം മുന്‍കരുതലുകള്‍ നല്‍കാറുള്ളത്.