ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി
നിരവധി പേരെ കാണാതായിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയില്‍ ദ്വീപ് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഞായറാഴ്ച കുത്തനെ ഉയര്‍ന്നതായി ശ്രീലങ്കന്‍ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയില്‍ ദ്വീപ് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.
മരണസംഖ്യ 334 ആയി ഉയര്‍ന്നതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച 212 പേര്‍ മരിച്ചിരുന്നു. ഏകദേശം 400 പേരെ കാണാതായി. ദ്വീപിലുടനീളം 1.3 ദശലക്ഷത്തിലധികം ആളുകള്‍ കനത്ത മഴയില്‍ ദുരിതത്തിലായി. ദുരന്തത്തെ നേരിടാന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലുതും വെല്ലുവിളി നിറഞ്ഞതുമായ പ്രകൃതി ദുരന്തത്തെയാണ് നാം നേരിടുന്നത്- അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 2004-ല്‍ 31,000 പേര്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്ത വിനാശകരമായ ഏഷ്യന്‍ സുനാമിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണിത്.