അറിഞ്ഞോളൂ... ഈ കാരണങ്ങളാണ് മനുഷ്യന്‍ പാമ്പിനെ ഭയക്കുന്നതിനു പിന്നില്‍ !
മനുഷ്യന്‍ പാമ്പിനെ ഭയക്കുന്നതിന് കാരണം ഇതാണ് !
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഭയക്കുന്ന ഒരു ജീവിയാണ് പാമ്പ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്തുകൊണ്ടായിരിക്കും മനുഷ്യര്‍ പാമ്പിനെ ഭയക്കുന്നത് ? അതിനുള്ള ഉത്തരവുമായി ഇതാ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമണ്‍ കൊഗ്നിറ്റീവ് ആന്‍ഡ് ബ്രെയിന്‍ സയന്‍സിലെ ചില ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു .
ചിലന്തിയോടും പാമ്പിനോടുമൊക്കെയുള്ള മനുഷ്യരുടെ ഭയം പാരമ്പര്യമായുള്ളതാണെന്നാണ് ഇവര്‍ കണ്ടെത്തിയത്‍. രക്ഷിതാക്കള്‍ക്കുണ്ടാകുന്ന ഭയമാണ് കുട്ടികളിലേക്ക് ലഭിക്കുന്നതെന്നും പഠനസംഘം വിലയിരുത്തി. പാരമ്പര്യമായുള്ള ഈ ഭയമാണ് അടുത്ത തലമുറയിലേക്ക് എത്തപ്പെടുന്നതെന്നും ഒരിക്കല്‍പ്പോലും പാമ്പിനെയും ചിലന്തിയെയും കണ്ടിട്ടില്ലെങ്കില്‍പ്പോലും ഭയം അവരെ വിടാതെ പിന്തുടരുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഇത്തരം ജീവികളെക്കുറിച്ചെല്ലാം രക്ഷിതാക്കളില്‍നിന്നും മറ്റു മുതിര്‍ന്ന ആളുകളില്‍ നിന്നുമെല്ലാം ലഭിക്കുന്ന കേട്ടറിവും ഭയത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. മനുഷ്യരില്‍ ജനിച്ച് ആറാം മാസം മുതല്‍ പാമ്പിനോടും ചിലന്തിയോടുമൊക്കെയുള്ള ഭയം തുടങ്ങുന്നു. അതായത്, പാമ്പും ചിലന്തിയും എത്രത്തോളം അപകടകാരികളാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഭയം മനുഷ്യക്കുഞ്ഞില്‍ ഉടലെടുക്കുന്നുവെന്നാണ് ഗവേഷകസംഘം പറയുന്നത്.
അതേസമയം, കരടിയുടെയും കാണ്ടാമൃഗത്തിന്റെയും ചിത്രം കാണിക്കുന്ന സമയങ്ങളില്‍പ്പോലും പാമ്പിനെയോ ചിലന്തിയോ കാണുമ്പോഴുള്ള ഭയം കുഞ്ഞുങ്ങളിലില്ല എന്നും പഠനസംഘം കണ്ടെത്തി. മാത്രമല്ല, സിറിഞ്ചും കത്തിയും കാണുന്ന സമയത്തുള്ള ഭയം, ചിലന്തിയുടെയും പാമ്പിന്റെയും ചിത്രങ്ങള്‍ കാണുമ്പോഴുള്ളതിന് സമാനമാണെന്നും പഠനസംഘം വ്യക്തമാക്കി.