IMF, India- Pakistan conflict
പാകിസ്ഥാന് വായ്പ സൗകര്യം നല്‍കുന്നതിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാന് സഹായധനമായി 100 കോടി ഡോളര്‍ നല്‍കാന്‍ അനുമതി നല്‍കി അന്താരാഷ്ട്ര നാണ്യനിധി. ഐഎംഎഫില്‍ നിന്നും പാകിസ്ഥാന് വായ്പ സൗകര്യം നല്‍കുന്നതിനായുള്ള വോട്ടിങ്ങില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യ വിട്ട് നിന്നിരുന്നു. വായ്പ തിരിച്ചടിക്കുന്നതില്‍ പാകിസ്ഥാന്റെ ഫലപ്രാപ്തിയില്‍ ആശങ്ക അറിയിച്ചായിരുന്നു ഇന്ത്യയുടെ നടപടി. ഇത് കൂടാതെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇന്ത്യ പ്രകടിപ്പിച്ചു.
സാമ്പത്തികമായ പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന പാകിസ്ഥാന് സഹായമെന്ന നിലയില്‍ കൂടിയാണ് 100 കോടി ഡോളര്‍ വായ്പയായി അന്താരാഷ്ട്ര നാണ്യനിധി അനുവദിച്ചത്. ഇതിന് പുറമെ പാകിസ്ഥാന് 130 കോടി ഡോളര്‍ കൂടി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധിയുടെ പരിഗണനയിലാണ്. ഐഎംഎഫിന്റെ ഈ നീക്കങ്ങളെ എതിര്‍ത്ത ഇന്ത്യ പാകിസ്ഥാന്‍ ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണെന്നും വായ്പ തിരിച്ചടക്കുന്നതില്‍ വളരെ മോശമായ റിപ്പോര്‍ട്ടാണുള്ളതെന്നും ഇന്ത്യ വാദിച്ചു.
പാകിസ്ഥാനില്‍ ഒരു സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും ആഭ്യന്തര രാഷ്ട്രീയത്തില്‍ സൈന്യം സ്വാധീനം തുടരുകയാണ്. സമ്പദ് വ്യവസ്ഥയിലേക്കും ആര്‍മി കരങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ തുടര്‍ച്ചയായ സ്‌പോണ്‍സര്‍ഷിപ്പിന് വായ്പ നല്‍കുന്നത് ആഗോള സമൂഹത്തിന് അപകടമായ സന്ദേശമാണ് നല്‍കുന്നതെന്നും ഇന്ത്യ വാദിച്ചു.