ജമ്മുകശ്മീരിലെ സാംബയില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി രക്ഷാ സേന. 7 ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവെച്ചിട്ടത്.
വ്യാഴാഴ്ച ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമിട്ട് പാക് സൈന്യം കടുത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണമായിരുന്നു നടത്തിയത്. സിവിലിയന്‍ മേഖലകള്‍, സൈനിക കേന്ദ്രങ്ങള്‍,ജമ്മു വിമാനത്താവളം തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെയും അവര്‍ പ്രയോഗിച്ച 8 മിസലുകളും തരിപ്പണമാക്കി. ഇതിന് പിന്നാലെയായിരുന്നു ഭീകരര്‍ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. പാകിസ്ഥാന്‍ റേഞ്ചര്‍മാരുടെ സഹായത്തോടെയായിരുന്നു ഈ നീക്കം. ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്ഥാന്റെ സൈനിക പോസ്റ്റിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.