ഇറാനിൽ ഔദ്യോഗിക പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്സ അമീനിയുടെ 40ആം ചരമദിനം ആചരിക്കാൻ ഒത്തുകൂടിയ പതിനായിരക്കണക്കിന് ആളുകൾക്ക് നേരെ പോലീസ് നിറയൊഴിച്ചു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമീനിയുടെ ചരമദിനം ആചരിക്കാൻ ശിരോവസ്ത്രം വലിച്ചെറിഞ്ഞുകൊണ്ടാണ് സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്ക് നേരെ ഇറാൻ പോലീസ് വെടിവെയ്ക്കുകയായിരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെടിവെപ്പിൽ മരണം ഉണ്ടായിട്ടുണ്ടോ, എത്രപേർക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല.
അമീനിയുടെ അനുസ്മരണത്തിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ പലയിടത്തും പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ കോളേജുകൾക്കും സർവകലാശാലകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.