ഒരു പ്രസ് ബാഡ്ജ് തീവ്രവാദത്തിനുള്ള ഒരു കവചമല്ല; കൊല്ലപ്പെട്ട അല്‍ജസീറ മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് നേതാവെന്ന് ഇസ്രയേല്‍
ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട അല്‍ജസീറ മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് നേതാവെന്ന് ഇസ്രയേല്‍. ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിക്ക് പുറത്തുള്ള മാധ്യമപ്രവര്‍ത്തകരെ പാര്‍പ്പിച്ചിരിക്കുന്ന ഒരു കൂടാരത്തില്‍ ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. അല്‍ ജസീറ പത്രപ്രവര്‍ത്തകനായി വേഷമിട്ട ഹമാസ് ഭീകരന്‍ അനസ് അല്‍-ഷെരീഫ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു.
അല്‍-ഷെരീഫ് ഒരു ഹമാസ് ഭീകര സെല്ലിന്റെ തലവനായിരുന്നുവെന്നും ഇസ്രായേലി സിവിലിയന്മാര്‍ക്കും ഐഡിഎഫ് സൈനികര്‍ക്കും നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്നും ഐഡിഎഫ് എക്സില്‍ എഴുതി. ഒരു പ്രസ് ബാഡ്ജ് തീവ്രവാദത്തിനുള്ള ഒരു കവചമല്ലെന്നും പോസ്റ്റില്‍ ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 200 ലേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഗാസ കീഴടക്കാനുള്ള സൈനിക പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. നിലവില്‍ ഗാസയുടെ 75 ശതമാനവും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്.