നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിത്; ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി
തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിതെന്നും ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെ ഹമാസാക്രമണത്തിന്റെ രണ്ടാം വര്‍ഷമായ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് നെതന്യാഹു പ്രതികരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20ഇന പദ്ധതിയില്‍ ഈജിപ്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടയായിരുന്നു പ്രതികരണം.
രാജ്യത്തിന്റെ പ്രതിരോധശേഷിയില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. നമുക്ക് ദോഷം വരുത്താന്‍ ആഗ്രഹിച്ചവര്‍ക്കെതിരെ നമ്മുടെ സൈനികരും കമാന്‍ഡര്‍മാരും ഉഗ്രമായി പോരാടുകയാണ്. നമുക്കെതിരെ കൈ ഉയര്‍ത്തിയവര്‍ തകരുകയാണ് -നെതന്യാഹു പറഞ്ഞു. അതേസമയം ഈജിപ്തില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങള്‍ ഹമാസ് മുന്നോട്ടുവച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ സ്ഥിരമായിരിക്കണമെന്നും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറണമെന്നും ഉപാധികള്‍ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. രണ്ടാംവട്ട ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് ഹമാസ് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്.
ഗാസയുടെ പുനര്‍നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്നും അതിനു മേല്‍നോട്ടം പാലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതി ആവണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍. യുദ്ധം അവസാനിപ്പിച്ചാല്‍ കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പും നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് ഈ പാര്‍ട്ടികള്‍ പരസ്യപ്രസ്താവന നടത്തിയത്.