ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന
ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതില്‍ നിന്ന് ഇസ്രായേല്‍ പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞു.
ഹമാസിനെ നശിപ്പിക്കുമെന്നും ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെടി നിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നത്. ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതില്‍ നിന്ന് ഇസ്രായേല്‍ പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇതോടെ വീണ്ടും ആശയ കുഴപ്പത്തിലായിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. 60 ദിവസത്തേക്കുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ സമ്മതിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. അതേസമയം ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. നേരത്തെ റഷ്യയുടെ എസ്യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ഇറാന്റെ പദ്ധതി. ഇതിനുപകരമായിട്ടാണ് ചൈന വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. റഷ്യന്‍ യുദ്ധവിമാനത്തേക്കാള്‍ വിലകുറഞ്ഞതും ഭാരം കൂടുതല്‍ താങ്ങാന്‍ ശേഷിയുള്ളതുമാണ് ചൈനീസ് വിമാനങ്ങളെന്ന് ഇറാന്‍ കരുതുന്നു.
നിലവില്‍ പാക്കിസ്ഥാന്റെ സൈന്യത്തിന്റെ ഭാഗമാണ് ഈ യുദ്ധവിമാനങ്ങള്‍. ഇവ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നാണ് ഇറാന്‍ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആയുധങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്നുവെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ ഇസ്രയേലില്‍ വിമാനങ്ങളില്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.