Publish Date: Mon, 21 Jun 2021 (19:38 IST)
Updated Date: Mon, 21 Jun 2021 (19:44 IST)
കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍. കട്ടിപ്പാറ അമരാട് മലയിലാണ് യുവാക്കള്‍ ബൈക്കിലെത്തിയത്. എന്നാല്‍ വിവരം അറിഞ്ഞു എത്തിയ പോലീസിനെ കണ്ടതോടെ ബൈക്കുകള്‍ ഇട്ടെറിഞ്ഞു യുവാക്കള്‍ നാലുപാടും ഓടി രക്ഷപ്പെട്ടു.
താമരശേരി പോലീസ് ആണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു കറങ്ങിയ യുവാക്കളുടെ ബൈക്കുകള്‍ പിടികൂടിയത്. ഈ പ്രദേശത്തു പതിവായി യുവാക്കള്‍ കൂട്ടംകൂടി എത്താറുണ്ടെന്ന സമീപ വാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധിക്കാന്‍ ഇവിടെയെത്തിയത്. പിടിച്ചെടുത്ത ബൈക്കുകള്‍ ചിലത് പോലീസുകാര്‍ നേരിട്ടും മറ്റുള്ള ബൈക്കുകള്‍ മിനി ലോറിയില്‍ കയറ്റിയുമാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
ഈ വാഹന ഉടമകള്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക് ധരിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കൊടുവള്ളി, കൊയിലാണ്ടി, കാറ്റടിപ്പാറ, അമ്പായത്തോട്, പന്നൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് യുവാക്കള്‍ എന്നാണു വിവരം.
എ കെ ജെ അയ്യര്‍
Publish Date: Mon, 21 Jun 2021 (19:38 IST)
Updated Date: Mon, 21 Jun 2021 (19:44 IST)