പറന്നുയരാന്‍ ഒരുങ്ങിയ വിമാനത്തിന്റെ ചിറകിൽ അള്ളിപ്പിടിച്ചിരുന്ന യുവാവിനെ അധികൃതര്‍ പിടികൂടി. നൈജീരിയയിലെ ലാഗോസിലെ മര്ത്താല മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ലാഗോസിൽ നിന്ന് നൈജീരിയയില്‍ എത്തുന്ന പോർട്ട് ഹർകോർട്ടിലേയ്ക്കുള്ള അസ്മാന് എയറിന്റെ ബോയിംഗ് 737 വിമാനം എയർട്രാഫിക് കൺട്രോളിൽ നിന്ന് പറക്കാനുളള അനുമതി ലഭിക്കുന്നതിനായി കാത്തു കിടക്കുമ്പോഴാണ് സംഭവം.
വിമാനത്തിന്റെ ചിറകില്‍ കയറി നിന്ന യുവാവ്, അവിടെ നിന്നും വിമാനത്തിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ യുവാവിനെ കണ്ടു. ഉടന്‍ തന്നെ ക്യാബിൻ ക്രൂ പൈലറ്റിനെ വിവരമറിയിച്ചു. അപകടം നടന്നേക്കുമെന്ന് വ്യക്തമായ പൈലറ്റ് വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തു.
വൈകാതെ സുരക്ഷാ ജീവനക്കാരും പൊലീസും എത്തി യുവാവിനെ പിടികൂടി. ലഗേജുമായി എത്തിയ ശേഷം ബാഗ് എഞ്ചിന് സമീപം വെച്ചിട്ടാണ് ഇയാള്‍ വിമാനത്തിന് മുകളില്‍ കയറാന്‍ ശ്രമിച്ചത്. ഇതോടെ വിമാനം മുപ്പത് മിനിറ്റ് വൈകി. യുവാവിന് മാനസികവിഭ്രാന്തിയുള്ളതായി സംശയമുണ്ട്.
വിമാനത്തിലെ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് യുവാവ് എങ്ങനെ എത്തിയെന്നും വീഴ്ച എങ്ങനെയാണ് നടന്നതെന്നും അധികൃതരുടെ നിര്‍ദേശത്തില്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.