'ദൈവ കരങ്ങളാല്‍ ചെകുത്താന്‍ പരാജയപ്പെട്ടു'; മാര്‍പാപ്പയുടെ മരണത്തിനു പിന്നാലെ റിപ്പബ്ലിക്കന്‍ പ്രതിനിധി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകള്‍ക്കെതിരെ പലപ്പോഴും രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് മാര്‍ജൊറി
Marjorie Taylor and Pope Francis
ആഗോള കത്തോലിക്കാസഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തിനു പിന്നാലെ യുഎസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയും കടുത്ത വലതുപക്ഷവാദിയുമായ മാര്‍ജൊറി ടെയ്‌ലര്‍ ഗ്രീനിന്റെ വിവാദ പോസ്റ്റ്. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് മാര്‍ജൊറി പ്രകോപനപരമായ വരികള്‍ കുറിച്ചിരിക്കുന്നത്.
' ആഗോള നേതൃത്വത്തില്‍ ഇന്ന് വലിയൊരു മാറ്റം കുറിക്കുന്നു. ദൈവത്തിന്റെ കരങ്ങളാല്‍ ചെകുത്താന്‍ തോല്‍പ്പിക്കപ്പെട്ടു' എന്നാണ് മാര്‍ജൊറി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേര് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകള്‍ക്കെതിരെ പലപ്പോഴും രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് മാര്‍ജൊറി. 2022 ല്‍ കത്തോലിക്കാസഭയെ 'സാത്താനാല്‍ നയിക്കപ്പെടുന്ന സമൂഹം' എന്ന് ഗ്രീന്‍ വിളിച്ചിരുന്നു. കുടിയേറ്റ ജനതയെ അനുകമ്പയോടെ പരിഗണിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടാണ് കടുത്ത വലതുപക്ഷവാദിയായ ഗ്രീനിനെ പ്രകോപിപ്പിച്ചിരുന്നത്.
കത്തോലിക്കാസഭയിലുള്ള വിശ്വാസം വെടിഞ്ഞ് 2022 ല്‍ പ്രൊട്ടസ്റ്റന്റ് സഭയുടെ ഭാഗമായ ഗ്രീന്‍ കുടിയേറ്റത്തിനു എതിരാണ്. ' മതിയായ രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാരെ സഭ പിന്തുണയ്ക്കുന്നത് ചെകുത്താന്റെ നിയന്ത്രണത്തിലാണ് അവര്‍ എന്നതിന്റെ സൂചനയാണ്,' എന്ന് ഗ്രീന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
മാര്‍പാപ്പയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് ഗ്രീനിന്റെ എക്‌സ് പോസ്റ്റ്.