മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ. റിക്ടര്‍സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതിലുള്ള ആള്‍ നാശവും നാശനഷ്ടങ്ങളും ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. നേരത്തെ ആയിരത്തിലേറെ പേര്‍ മരിച്ചിരിക്കാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചിരുന്നു.
അതേസമയം ഭൂകമ്പത്തില്‍ മ്യാന്‍മറിലും തായ്ലന്‍ഡിലുമായി മരണം ആയിരം കടന്നിട്ടുണ്ട്. മ്യാന്‍മറില്‍ 1000 പേര്‍ മരിച്ചിട്ടുള്ളതായി സൈനിക ഭരണകൂടം അറിയിച്ചു. കൂടാതെ ഭൂകമ്പത്തില്‍ 2376 പേര്‍ക്ക് പരിക്കേറ്റതായി മ്യാന്‍മര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍ രാജ്യമായ തായ്ലന്‍ഡില്‍ 10 പേരാണ് മരിച്ചത്.
ബാങ്കോക്കിലെ മാര്‍ക്കറ്റിനു സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്നാണ് മരണം സംഭവിച്ചത്. അതേസമയം കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നൂറോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.