ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കും; ട്രംപിനു പിന്നാലെ നെതന്യാഹുവിന്റെ ഭീഷണി
ജനുവരി 19 നു നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു
ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയവരെ ശനിയാഴ്ചയ്ക്കകം വിട്ടയയ്ക്കണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
' ശനിയാഴ്ച ഉച്ചയ്ക്കുള്ളില്‍ ഞങ്ങളുടെ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കും, ഹമാസ് പൂര്‍ണമായി പരാജയപ്പെടുന്നതുവരെ ഇസ്രയേല്‍ പ്രതിരോധ സേന ആക്രമണത്തിലേക്ക് തിരിച്ചുവരും,' നെതന്യാഹു പറഞ്ഞു.
ജനുവരി 19 നു നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ബന്ദി കൈമാറ്റം ഹമാസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതാണ് നെതന്യാഹുവിനെയും ട്രംപിനെയും പ്രകോപിപ്പിച്ചിരിക്കുന്നത്.
ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും ശനിയാഴ്ചയ്ക്കുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ വെടി നിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. താന്‍ പറയുന്നതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ വീണ്ടും നരകം സൃഷ്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ' ഞാന്‍ എന്റെ കാര്യം വ്യക്തമാക്കുന്നു. എന്നെ സംബന്ധിച്ചിടുത്തോളം, ശനിയാഴ്ച 12 മണിക്കകം എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കില്‍..! വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിക്കാനുള്ള ഉചിതമായ സമയമായിരിക്കും ഇതെന്ന് ഞാന്‍ കരുതുന്നു. നരകതുല്യമായ അവസ്ഥ വീണ്ടും സൃഷ്ടിക്കപ്പെടും. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിനു ഇഷ്ടമുള്ള തീരുമാനമെടുക്കാം. പക്ഷേ, എനിക്ക് ശനിയാഴ്ച 12 മണിക്കകം അവരെ ഇവിടെ ലഭിക്കണം. അല്ലാത്തപക്ഷം വീണ്ടും നരകം സൃഷ്ടിക്കപ്പെടും,' ട്രംപ് പറഞ്ഞു.