ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് സൊഹ്‌റാന്‍ മംദാനി തിരെഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയ്ക്ക് അതിന്റെ പരമാധികാരത്തില്‍ അല്പം നഷ്ടം സംഭവിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയുടെ വിജയം ന്യൂയോര്‍ക്കിനെ കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കി മാറ്റുമെന്നും ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
2024 നവംബര്‍ അഞ്ചിന് അമേരിക്കയിലെ ജനങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിനെ ഉത്തരവാദിത്തമേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ന്യൂയോര്‍ക്കില്‍ നമുക്ക് നമ്മുടെ പരമാധികാരത്തില്‍ അല്പം നഷ്ടമുണ്ടായി. പക്ഷേ സാരമില്ല. നമ്മള്‍ അക്കാര്യം ശ്രദ്ധിക്കും. മയാമിയില്‍ അമേരിക്ക ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഒരു കമ്മ്യൂണിസ്റ്റുകാരനെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിഷ്ഠിച്ചിരിക്കുന്നു. പല വര്‍ഷങ്ങളായി ഞാന്‍ പറയുന്നതാണ്. നമ്മുടെ എതിരാളികള്‍ അമേരിക്കയെ കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കാന്‍ നോക്കുകയാണ്. മംദാനിയുടെ കീഴില്‍ ന്യൂയോര്‍ക്ക് കമ്മ്യൂണിസ്റ്റ് ആയി മാറുമ്പോള്‍ ന്യൂയോര്‍ക്കുകാര്‍ക്ക് ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യേണ്ടിവരും. ട്രംപ് മുന്നറിയിപ്പ് നല്‍കി.