ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ 13 ഇന്ത്യക്കാര്‍
അപകടത്തെ തുടര്‍ന്ന് മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതര്‍ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഒമാന്‍ തീരത്ത് കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 16 പേരെ കാണാതായി. ഇതില്‍ 13 പേര്‍ ഇന്ത്യക്കാരാണ്. ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ലെന്നും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
ഇന്നലെ ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. പ്രെസ്ടിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതര്‍ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.