പാകിസ്ഥാന്‍- അഫ്ഗാന്‍ അതിര്‍ത്തിയില്‍ പരസ്പരം ഏറ്റുമുട്ടി അഫ്ഗാന്‍- പാകിസ്ഥാന്‍ സൈന്യങ്ങള്‍. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം പഴിചാരിയാണ് ഇരുവരുടെയും ആക്രമണങ്ങള്‍. സംഘര്‍ഷത്തില്‍ 19 അഫ്ഗാന്‍ സൈനികപോസ്റ്റുകള്‍ പിടിച്ചെടുത്തതായി പാകിസ്ഥാനും പാകിസ്ഥാന്റെ 58 സൈനികരെ വധിച്ചതായി അഫ്ഗാനും അവകാശപ്പെട്ടു. പാകിസ്ഥാന്റെ 30 സൈനികര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പറയുന്നു. പാകിസ്ഥാനെ ഖൈബര്‍ പ്ഖ്തൂണ്‍ഖ്വയിലെ അംഗൂര്‍ അദ്ദ, ബജൗര്‍,കുറം,ദിര്‍,ചിത്രാല്‍, ബലൂചിസ്ഥാനിലെ ബരാംച എന്നിവിടങ്ങളിലെ പാക് സൈനിക പോസ്റ്റുകളിലേക്കാണ് അഫ്ഗാന്‍ ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 20 പാക് ഔട്ട് പോസ്റ്റുകള്‍ നശിപ്പിച്ചെന്നും നിരവധി സൈനിക ഉപകരണങ്ങള്‍ പിടിച്ചെടുത്തെന്നും മുജാഹിസ് പറഞ്ഞു. സംഘര്‍ഷത്തില്‍ 9 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി കാബൂളില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതില്‍ പാക് സൈന്യം ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും പാക് സൈന്യത്തിന് പങ്കുള്ളതായാണ് അഫ്ഗാന്‍ കരുതുന്നത്. ശനിയാഴ്ച രാത്രി അഫ്ഗാന്‍ പാക് സേനയ്ക്ക് നേരെ ആക്രമണം നടത്തി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള പാക് സൈന്യം അഫ്ഗാന്‍ പോസ്റ്റുകള്‍ക്ക് നേരെയും പ്രത്യാക്രമണം നടത്തി. ഇതില്‍ 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തതായാണ് പാകിസ്ഥാന്‍ ഔദ്യോഗിക മാധ്യമമായ പിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് അതിര്‍ത്തിയിലെ അഫ്ഗാന്‍- പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍.